Home LOCAL NEWS കുടിനീരൊരുക്കി കുരുന്നുകൾ, സമ്മാനമായി ഗ്രേസ് മാർക്ക്

കുടിനീരൊരുക്കി കുരുന്നുകൾ, സമ്മാനമായി ഗ്രേസ് മാർക്ക്

0

തിരൂർ: കനത്ത വേനലിൽ നാട്ടിലെ ജലാശയങ്ങൾ ഒന്നൊന്നായ് വറ്റിക്കൊണ്ടിരിക്കുകയാണ്. കുളങ്ങളെയും തോടുകളെയുമൊക്ക ആശ്രയിച്ചിരുന്ന പറവകളും ചെറുജീവികളുമെല്ലാം കുടിനീരിനായ് അലയുന്ന കാഴ്ചയാണെങ്ങും. ഈ സാഹചര്യത്തിൽ പറവകൾക്ക് കുടിനീരൊരുക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് പുല്ലൂർ ബദ്‌റുൽ ഹുദാ സുന്നി മദ്‌റസയിലെ കുരുന്നുകൾ.
നൂറ് കണക്കിന് തണ്ണീർ കുടങ്ങളാണ് ഇതിനോടകം ഈ മദ്രസാ വിദ്യാർത്ഥികൾ സ്ഥാപിച്ചത്. പാഠപുസ്തകത്തിൽ നിന്നും നുകർന്ന അറിവ് ജീവിതത്തിലേക്ക് പകർത്താനുള്ള അവസരം കിട്ടിയപ്പോൾ കുട്ടികൾ അത് സന്തോഷത്തോടെ ഏറ്റെടുത്തു. കുരുന്നുകളുടെ ഈ സൽ പ്രവർത്തി ആയിരക്കണക്കിന് പറവകൾക്കാണ് ആശ്വാസമായത്.
മദ്‌റസയുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ കുട്ടികൾ പങ്ക് വെച്ച തണ്ണീർ കുമ്പിൾ ചിത്രങ്ങൾ രക്ഷിതാക്കളുടെ ശ്രദ്ധയിൽ പതിഞ്ഞതോടെ അവരുടെ വീടുകളിലും തൊടികളിലും പറവകൾക്കുള്ള ദാഹജലം തയ്യാറായി.
മദ്‌റസയിലെ മഴവിൽ സംഘത്തിന്റെ മേൽനോട്ടത്തിൽ നടന്ന ഈ നാട്ടുനന്മക്ക് മദ്‌റസാ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും പൂർണ പിന്തുണയുമുണ്ട്. പറവകൾക്ക് കുടിനീരൊരുക്കിയ എല്ലാ വിദ്യാർഥികൾക്കും ഗ്രേസ് മാർക്ക് നൽകുമെന്ന് മദ്‌റസാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, പ്രിൻസിപ്പൽ മുഹമ്മദ് ബുഖാരി ചെറിയമുണ്ടം എന്നിവർ അറിയിച്ചു.വിദ്യാർത്ഥികൾക്ക് ഈ അവധിക്കാലത്ത് ഹോം മദ്രസ, മോഡൽ എക്‌സാം, ഖുർആൻ പാരായണ പരിശീലനം, കരകൗശല നിർമാണ പരിശീലനം തുടങ്ങിയ പദ്ധതികൾ നടത്തുമെന്ന് മദ്‌റസ സെക്രട്ടറി ഇസ്മായിൽ സഖാഫി, ട്രഷറർ ഖിള്ർ ഹാജി എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here