Home LOCAL NEWS തേങ്ങലടങ്ങുന്നില്ല; ജീവിതത്തിന് മുമ്പിൽ പകച്ച് സുരേഷിന്‍റെ കുടുംബം

തേങ്ങലടങ്ങുന്നില്ല; ജീവിതത്തിന് മുമ്പിൽ പകച്ച് സുരേഷിന്‍റെ കുടുംബം

0

തിരൂർ: ഈ വീട്ടിൽ ഇനിയും തേങ്ങലടങ്ങിയിട്ടില്ല. കുടുംബ നാഥന്റെഅപ്രതീക്ഷിത വിയോഗത്തോടെ ജീവിതം ഇരുളടഞ്ഞ ഒരു കുടുംബം ജീവിതത്തിന് മുമ്പിൽ പകച്ചു നിൽക്കുകയാണ്.
ബി.പി.അങ്ങാടി കട്ടച്ചിറയിൽ പോലീസിനെക്കണ്ട് ഭയന്നോടുന്നതിനിടെ മരിച്ച ഓട്ടോഡ്രൈവറായ നെടുവരമ്പത്ത് സുരേഷിന്റെ അമ്മയും ഭാര്യയും മകളും സഹോദരിമാരുമടങ്ങുന്ന കുടുംബമാണ് ഏക അത്താണി നഷ്ടപ്പെട്ട വേദനയിൽ ജീവിതം ഇനി എങ്ങിനെ മുന്നോട്ട് കൊടുപോകുമെന്നറിയാതെ പകച്ച് നിൽക്കുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഏവരെയും കണ്ണീരിലാഴ്ത്തിയ സുരേഷിന്റെ മരണം. പോലീസിനെ കണ്ട് ഭയന്നോടിയ സുരേഷിനെ തൊട്ടടുത്തുള്ള പാടത്ത് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. നാട്ടുകാർക്കും സഹപ്രവർത്തകർക്കുമിടയിൽ സൗമ്യനായിരുന്ന സുരേഷ് ഓട്ടോ ഓടിച്ചാണ് കുടുംബത്തെ പോറ്റിയിരുന്നത്. ലോക്ക് ഡൗൺ കാരണം ഓട്ടമില്ലാതെ വളരെ ഞെങ്ങിഞെരുങ്ങി സുരേഷ് കുടുംബം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.
ഇതിനിടയിലാണ് സുരേഷിന്റെ ദാരുണ അന്ത്യം. അച്ഛൻ നെടുവരമ്പത്ത് കൃഷ്ണൻകുട്ടി പത്തുവർഷം മുമ്പ് ബൈക്കിടിച്ച് മരിച്ച ആഘാതം വിട്ടുമാറും മുമ്പാണ് കുടുംബത്തിൽ മറ്റൊരു ദുരന്തം കടന്ന് വന്നത്. അച്ഛന്റെ മരണശേഷം കുടുംബത്തിലെ എല്ലാകാര്യങ്ങളും സുരേഷാണ് നോക്കിയത്.
ഓട്ടോ ഓടിച്ചുകിട്ടുന്ന തുച്ഛവരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം.
ആറുസെന്റ് സ്ഥലത്ത് പഞ്ചായത്ത് നൽകിയ പണമുപയോഗിച്ചായിരുന്നു സ്വന്തമായി ഒരു വീടെന്ന സ്വപ്നം സുരേഷ് സാക്ഷാത്കരിച്ചത്. അറുപത്തഞ്ചുകാരിയായ അമ്മ കാർത്ത്യായനിക്ക് ജോലിക്കൊന്നും പോകാൻ കഴിയില്ല. സുരേഷിന്റെ ഭാര്യ നിഷയ്ക്കും ജോലിയൊന്നുമില്ല. ഏകമകൾ ശിഖ തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർഥിയാണ്. സുരേഷിന് നാലു സഹോദരിമാരാണുള്ളത്. ഏറെ പ്രയാസപ്പെട്ടാണ് ഇവരുടെ വിവാഹം നടത്തിയത്.
കുടുംബത്തിന്റെ ഈ ദയനീയ അവസ്ഥ കണക്കിലെടുത്ത് സുരേഷിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദാരുണ സംഭവത്തിൽ ജീവൻ പൊലിഞ്ഞ സുരേഷിന്റെ കുടുംബത്തെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും സർക്കാർ വേണ്ട നടപടികളെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കൂട്ടുകാരും ബന്ധുക്കളും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here