Home AGRICULTURE പറമ്പിലെ പഴങ്ങൾ ചോദിക്കുന്നു, ഇത്രയും കാലം നിങ്ങള്‍ എവിടെയായിരുന്നു…?

പറമ്പിലെ പഴങ്ങൾ ചോദിക്കുന്നു, ഇത്രയും കാലം നിങ്ങള്‍ എവിടെയായിരുന്നു…?

0

തിരൂര്‍: ലോക്ക്ഡൗണിൽ താരങ്ങളെല്ലാം വീട്ടിലൊതുങ്ങിയപ്പോൾ അവരുടെ സ്ഥാനം ഏറ്റെടുത്ത് ഇപ്പോൾ ശരിക്കും താരമായിരിക്കുന്നത് നമ്മുടെ മുറ്റത്തും പറമ്പിലുമൊക്കെയുള്ള നാടൻ പഴങ്ങളാണ്. ഇതുവരെ ആരും തിരിഞ്ഞുനോക്കാത്ത, ആർക്കും വേണ്ടാത്ത ചക്കയും പറങ്കിമാങ്ങയുമൊക്കെ ഇപ്പോൾ പഴങ്ങളിലെ രാജാക്കന്മാരാണ്. തീൻ മേശകളിലെ ഉയർന്ന വിഭവങ്ങളാണ്.
കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ആളുകൾ വീട്ടിലൊതുങ്ങിയതോടെയാണ് ആർക്കും വേണ്ടാതെ വഴിയോരങ്ങളിലും പറമ്പിലും നശിച്ചു പോയിരുന്ന നാടൻപഴങ്ങൾക്ക് ആവശ്യക്കാരേറിയത്. പോഷക സമൃദ്ധമായ ഫലങ്ങൾ കൺമുമ്പിലുണ്ടായിരുന്നിട്ടും അന്യദേശങ്ങളിൽ നിന്നെത്തുന്ന രാസപഥാർത്ഥങ്ങൾ കുത്തിനിറച്ച പഴവർഗങ്ങൾ വലിയ വില കൊടുത്തു വാങ്ങിയിരുന്ന പലരും നാടൻ പഴങ്ങളുടെ ആരാധകരായി മാറിയത് വളരെ പെട്ടന്നാണ്. ആസ്വദിച്ച് കഴിക്കുക മാത്രമല്ല, അവയുടെ രുചി വൈവിദ്യങ്ങളും പോഷക ഘടകങ്ങളും ഒപ്പം വിത്യസ്ഥങ്ങളായ റെസിപ്പികളും സോഷ്യൽ മീഡിയയിലൂടെ മാലോകരെ അറിയിച്ച് ഇവയെ ഇതുവരെ അവഗണിച്ചതിനുള്ള പ്രായശ്ചിത്തം ചെയ്യുകയാണിന്ന് നാട്ടുമ്പുറത്തുകാർ.
ചക്ക, മാങ്ങ, ഞാവൽ, പേരക്ക, പറങ്കി മാങ്ങ, അയിനി ചക്ക തുടങ്ങിയവയുടെ കാലമാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. പക്ഷെ ഇവയുടെ ലഭ്യത ഇപ്പോൾ നന്നെ കുറവാണ്. കാലാവസ്ഥാ വ്യതിയാനം മൂലം നേരത്തേ എത്തിയ മാമ്പഴക്കാലം ഈ കൊവിഡ് കാലത്ത് അനുഗ്രഹമായെങ്കിലും മാങ്ങയുടെ ലഭ്യത കുറഞ്ഞതിനാൽ പലർക്കും കിട്ടാക്കനിയായി. നാട്ടിൻ പുറങ്ങളിൽ സുലഭമായുണ്ടായിരുന്ന ചക്കയുടെ വിളവും ഇപ്പോൾ നാമമാത്രമാണ്. എങ്കിലും കിട്ടിയത് പാഴാക്കാതെ വൈവിധ്യമാർന്ന വിഭവങ്ങളാണ് ഈ നാടൻ പഴങ്ങൾ കൊണ്ട് വീടുകളിലുണ്ടാക്കുന്നത്. മൂന്ന് നേരവും ചക്ക വിഭവങ്ങൾ വിളമ്പുന്നവരും ഉണ്ട്. നാടൻ പഴങ്ങളെ അമൂല്യമായി കണ്ടിരുന്ന പഴമക്കാരുടെ രുചിക്കൂട്ടുകൾക്കൊപ്പം നാടൻ പഴങ്ങൾ കൊണ്ടുള്ള പുത്തൻ പരീക്ഷണങ്ങളും ഇപ്പോൾ തകൃതിയാണ്. ചക്ക ജ്യൂസ്, ചക്കക്കുരു ഷേക്ക്, പച്ചമാങ്ങാ ജ്യൂസ് തുടങ്ങിയ വിഭവങ്ങൾക്കാണിപ്പോൾ നാട്ടിൽ ഏറെ പ്രിയം. വൈവിധ്യമാർന്ന നാട്ടു രുചികളിലൂടെ ഗൃഹാതുതര ഓർമകളിലേക്ക് നമ്മെ തിരികെ നടത്തുന്ന, നഷ്ടപ്പെട്ട മൂല്യങ്ങൾ തിരികെ തരുന്ന ഈ ലോക്ക്ഡൗൺ കാലത്തിന് ഒരു ബിഗ് സല്യൂട്ട് നൽകുകയാണിന്ന് മലയാളികൾ.

ചക്കക്കുരു ഷേക്ക്
ആവശ്യമായ സാധനങ്ങൾ
1.ചക്കക്കുരു -12 എണ്ണം
2.പാൽ-500 മി. ലിറ്റർ
3.പഞ്ചസാര-3 ടേ. സ്പൂൺ
4.പാൽപ്പൊടി-1 ടേ. സ്പൂൺ
5.വാനില എസൻസ്-2 തുള്ളി
6.ഐസ് ക്യൂബ്
7.ബൂസ്റ്റ് പൊടി

തയ്യാറാക്കുന്ന വിധം
ചക്കക്കുരു തൊലി കളഞ്ഞ് നന്നായി പുഴുങ്ങിയെടുക്കുക. ചൂടാറിയ ശേഷം മിക്സിയിലിട്ട് കുറച്ച് പാലൊഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം മൂന്നാം ചേരുവയായ പഞ്ചസാര ചേർത്ത് ഒട്ടും തരി ഇല്ലാതെ നന്നായി അരച്ചെടുക്കുക. ശേഷം പാൽപ്പൊടിയും വാനില എസൻസും(ഏലക്കാ പൊടിയായാലും മതി) ചേർത്ത് കൊടുക്കാം. ശേഷം ബാക്കിയുള്ള പാലും ഐസ് ക്യൂബും ചേർത്ത് അടിച്ചെടുക്കാം. ഗ്ലാസിലേക്ക് പകർന്ന ശേഷം മുകളിൽ അല്‍പ്പം ബൂസ്റ്റ് പൊടി ഇട്ട് ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here