Home LOCAL NEWS മറക്കില്ല, ഷെസയുടെ ഒന്നാം പിറന്നാളാഘോഷം

മറക്കില്ല, ഷെസയുടെ ഒന്നാം പിറന്നാളാഘോഷം

0

വളവന്നൂർ: കുടുംബത്തിന്റെ സന്തോഷമായി കടന്നുവന്ന കൊച്ചുമകൾ ഷെസയുടെ ഒന്നാം പിറന്നാൾ ആഘോഷം ഗംഭീരമാക്കണമെന്ന് വളവന്നൂർ ചെറവന്നൂരിലെ അബ്ദുൽ ലത്തീഫും സുബൈദ ടീച്ചറും നേരത്തെ തീരുമാനിച്ചിരുന്നതാണ്. അതിനുള്ള ഒരുക്കങ്ങളും തുടങ്ങി. പിറന്നാളാഘോഷത്തിനായി പണവും സ്വരുക്കൂട്ടി വെച്ചു. ഇവരുടെ മകൾ ആബിദ സുൽഫത്തിന്റെയും കുറ്റിപ്പുറം ഒതളൂർ സ്വദേശിയും പ്രവാസിയുമായ ഈനാംപറമ്പിൽ ഷാഹുൽ ഉനീദിന്റെയും മകളാണ് ഷെസ.
പിറന്നാൾ ദിനം വന്നപ്പോഴേക്കും കൊറോണ വൈറസ് ഭീതി പരത്താൻ തുടങ്ങിയിരുന്നു. ലോക്ക്ഡൗണിൽ നാട് നിശ്ചലമായിരുന്നു. ഈ സാഹചര്യത്തിൽ അബ്ദുൽ ലത്തീഫും സുബൈദ ടീച്ചറും പിന്നെയൊന്നും ആലോചിച്ചില്ല. ഷെസ മോളുടെ പിറന്നാളാഘോഷത്തിനായി സ്വരുക്കൂട്ടിവെച്ച പതിനായിരം രൂപ ആഘോഷം ഒഴിവാക്കി ഇവർ വളവന്നൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകി.
ഒരുപാട് നിർധനർക്കും അതിഥി തൊഴിലാളികൾക്കും ഭക്ഷണം നൽകുന്ന ഈ പദ്ധതിയിലേക്ക് ഈ തുക നൽകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് അബ്ദുൽ ലത്തീഫും സുബൈദ ടീച്ചറും പറയുന്നു. കൊച്ചുമകൾ ഷെസ അതുകേട്ട് മനസിലായ മട്ടിൽ മോണകാട്ടി ചിരിക്കുന്നു. വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുലൈഖ തുക ഏറ്റു വാങ്ങി. സെക്രട്ടറി മുഹമ്മദ് റിസ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുനി പടിയത്ത്, എ.കെ.മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here