Home FEATURE ഹാലോ…മരുന്ന് തീർന്നു സാർ, എന്നാണ് എത്തുക?

ഹാലോ…മരുന്ന് തീർന്നു സാർ, എന്നാണ് എത്തുക?

0

എൻ എം സുഹൈൽ
തിരൂർ: ഹാലോ…മരുന്ന് തീർന്നു സാർ, എന്നാണ് എത്തുക…, സാർ, ഇവിടെയൊന്ന് അണു നശീകരണം നടത്തണം.., ഹാലോ..ഞങ്ങൾ വഴിയിൽ കുടുങ്ങി നിൽക്കുകയാ ഒന്ന് വീട്ടിൽ എത്തിക്കുമോ…
ഫയർ ഫോഴ്‌സിന്റെ എമർജൻസി നമ്പറായ101 ലേക്ക് ഓരോ ദിവസവും എത്തുന്ന കോളുകൾ ഇപ്പോൾ ഇങ്ങനെയൊക്കെയാണ്.
കിണറ്റിൽ വീണത് മുതൽ തീ പിടുത്തം, അപകടം തുടങ്ങി പതിവ് സംഭവങ്ങൾക്ക് പുറമെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും രാപകലില്ലാതെ ഓടി നടക്കുകയാണ് തിരൂർ അഗ്‌നി ശമന സേന.
അണു നശീകരണം, രോഗികൾക്ക് അത്യാവശ്യ മരുന്നെത്തിക്കൽ, വഴിയിൽ കുടുങ്ങിയവരെ വീട്ടിലെത്തിക്കൽ, ബോധവൽക്കരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഇവർ ഏറ്റെടുത്തിട്ടുള്ളത്. കോവിഡ് വ്യാപനം തടയുന്നതിനായി നാടും നഗരവും അണു നാശിനി തളിച്ച് അനുവിമുക്തമാക്കുകയാണ് പ്രധാന പ്രവർത്തനം. പൊതു ഇടങ്ങൾ, സർക്കാർ ഓഫീസുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, മത്സ്യ മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, ബസ് സ്റ്റോപ്പ്, എ ടി എം കൗണ്ടറുകൾ തുടങ്ങി കോവിഡ് വൈറസ് പടരാൻ സാധ്യതയുള്ള സർവ മേഖലയിലും അഗ്‌നി ശമന സേനയും സിവിൽ ഡിഫെൻസും ചേർന്നാണ് അണു നശീകരണം നടത്തുന്നത്.
കോവിഡ് രോഗികളുടെ വീടുകളിൽ പോലും സ്വന്തം ജീവൻ പണയം വെച്ചാണ് അതിസാഹസികമായി ഇവർ അണുനശീകർണം നടത്തുന്നത്.
ക്യാൻസർ, ഹൃദ്രോഗം പോലെയുള്ള വിവിധ രോഗങ്ങൾ പിടിപെട്ടവർക്ക് കൃത്യമായി മരുന്നെത്തിക്കാനുള്ള നടപടിയും ഫയർ ഫോഴ്സ് സ്വീകരിക്കുന്നു. തിരുവനന്തപുരം ആർ സി സി, ശ്രീ ചിത്തിര എന്നിവിടങ്ങളിൽ നിന്നുള്ള അപൂർവ മരുന്നുകൾ വരെ സേന എത്തിച്ചു നൽകുന്നു. ഈ ലോക്ക് ഡൗൺ സമയത്ത് മാരക രോഗങ്ങൾ കൊണ്ട് വലയുന്ന നിരവധി രോഗികൾക്കാണ് ഇത് ആശ്വാസം പകരുന്നത്. അത്യാവശ്യങ്ങൾക്കായി പുറത്തിറങ്ങി വഴിയിൽ കുടുങ്ങിയവരെ വീട്ടിലെത്തിക്കുന്നതിനും സേന മുന്നിട്ടിറങ്ങുന്നു. പ്രവർത്തനങ്ങൾക്ക് സ്റ്റേഷൻ ഓഫീസർ പ്രമോദ് കുമാർ എം കെ,സീനിയർ ഫയർ ഓഫീസർ അബ്ദുൽ സലീം, പ്രതാപ് കുമാർ, മുരളീധരൻ, ഫയർ ഓഫീസർ മദന മോഹനൻ, ഗിരീഷ്, ജലീൽ, നൂർഹിലാൽ, സിവിൽ ഡിഫെൻസ് അംഗങ്ങളായ അബ്ദുൽ മനാഫ്, ഫിർദൗസ്, ഉമർ ഫാറൂഖ്, സായികുമാർ, സുധീഷ്, അക്മൽ തുടങ്ങിയവരുമാണ് നേതൃത്വം നൽകുന്നത്.
ഏറ്റവും കൂടുതൽ ഏരിയകളുള്ള തിരൂർ ഫയർ ഫോഴ്സിന് കീഴിൽ 31പേരാണ് ഇപ്പോൾ ജീവനക്കാരായുള്ളത്. സ്റ്റേഷന് കീഴിൽ പരിശീലനം പൂർത്തിയാക്കിയ 45 സിവിൽ ഡിഫെൻസ് അംഗങ്ങളും വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. നിലവിൽ തീയണക്കാനുള്ള വലിയ രണ്ട് വണ്ടികളും ഒരു ചെറിയ വണ്ടിയുമാണ് സ്റ്റേഷന് കീഴിലുള്ളത്.
കൂടുതൽ സൗകര്യമുള്ള വാഹനങ്ങളുടെ അഭാവം വിവിധയിടങ്ങളിൽ യഥാ സമയം രക്ഷാ പ്രവർത്തനം നടത്തുന്നതിന് പ്രയാസം സൃഷ്ടിക്കുന്നു. ഫയർ സ്റ്റേഷനിലേക്കുള്ള വഴിയിലെ അനധികൃത പാർക്കിങ്ങും അത്യാവശ്യ സമയങ്ങളിൽ വില്ലനാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here