Home Uncategorized രണ്ട് പ്രളയങ്ങൾ വരുത്തിയത് ലക്ഷങ്ങളുടെ നഷ്ടം മണ്ണിൽ സ്വപ്‌നങ്ങൾ വിളയിച്ച് വി.ടി കുഞ്ഞിപ്പ

രണ്ട് പ്രളയങ്ങൾ വരുത്തിയത് ലക്ഷങ്ങളുടെ നഷ്ടം മണ്ണിൽ സ്വപ്‌നങ്ങൾ വിളയിച്ച് വി.ടി കുഞ്ഞിപ്പ

0

കെ.പി ഖമറുൽ ഇസ്‍ലാം
കുറ്റിപ്പുറം: പ്രളയങ്ങൾ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയിട്ടും മനസ് തളരാതെ അതിജീവനത്തിന്റെ പുതിയ കൊയ്ത്തുപാട്ടുമായി ഒരു കർഷകൻ മണ്ണിനെ പൊന്നാക്കി വിളവെടുക്കുന്നു. കുറ്റിപ്പുറം പഞ്ചായത്തിലെ എട്ടാം വാർഡായ എടച്ചലത്തെ വളഞ്ചാർതൊടി അബ്ദുളള എന്ന വി.ടി കുഞ്ഞിപ്പയാണ് നഷ്ടങ്ങളിൽ പതറാതെ മണ്ണിനെ സ്നേഹിച്ച് വിത്തെറിഞ്ഞ് ജൈവ കൃഷിയിൽ നൂറ് മേനി കൊയ്യുന്നത്. 2018ലും,19 ലുമുണ്ടായ പ്രളയങ്ങൾ കുഞ്ഞിപ്പയുടെ കൃഷിയിടത്തെ പാടെ മുക്കിയിരുന്നു. രണ്ട് ദുരന്തങ്ങളിലുമായി പന്ത്രണ്ട് ലക്ഷം രൂപയാണ് ഈ കർഷകന്റെ നഷ്ടം. ആയിരം വാഴകൾ തകർന്നടിഞ്ഞ ആദ്യ പ്രളയത്തിൽ എട്ട് ലക്ഷം രൂപയാണ് പ്രളയം കൊണ്ടുപോയത്. രണ്ടാം പ്രളയത്തിൽ നഷ്ടം നാലു ലക്ഷവും.
കേവലം 36,000 രൂപയാണ് കാർഷിക വകുപ്പിൽ നിന്നും ഇതുവരെ നഷ്ട പരിഹാരമായി ലഭിച്ചത്. കാർഷിക വൃത്തിയിൽ ഏറെ തൽപരനായ ഈ 61 കാരന് നഷ്ടങ്ങളും നഷ്ട പരിഹാരവും പ്രശ്നമായില്ല. പതിനാലാം വയസിൽ ഭാരതപ്പുഴയുടെ തീരത്ത് നിന്നും കൃഷി പണി പഠിച്ച കുഞ്ഞിപ്പയ്ക്ക് വെറുതെ ഇരിക്കാനായില്ല. അദ്ദേഹം തന്റെ കൃഷിയിടങ്ങളെ വീണ്ടും സജീവമാക്കി. നാട്ടുകാരായ സുഹൃത്തുക്കളിൽ നിന്നും പാട്ടത്തിനെടുത്ത പാടങ്ങളിൽ ജൈവ പച്ചക്കറി കൃഷിയും നെൽകൃഷിയുമിറക്കിയ കുഞ്ഞിപ്പയുടെ നിശ്ചയദാർഢ്യത്തിന് മണ്ണ് തിരിച്ച് നൽകിയത് നൂറുമേനി വിളവ്. ഇത്തവണ നാൽപ്പത് ഏക്കർ സ്ഥലത്താണ് പച്ചക്കറി കൃഷിയിറക്കിയത്.
നേന്ത്ര, മസൂരി, ആന്ധ്രപൂവൻ, റോവസ്റ്റ് എന്നിവയാണ് വാഴ കൃഷിയിലെ പ്രധാന ഇനങ്ങൾ. കുമ്പളം, ചെരങ്ങ, വെള്ളരി, പടവലം, വെണ്ട, വഴുതന, കൈപ്പ, പച്ചമുളക്, വിവിധ തരത്തിലുളള ചീരകൾ, പലയിനം പയറുകൾ തുടങ്ങിയവയാണ് കൃഷിയിടത്തിലെ പ്രധാന വിളകൾ. കൂടാതെ വീട്ടു വളപ്പിലെ തോട്ടത്തിൽ കുരുമുളകും, അടക്കയും കൃഷി ചെയ്യുന്നു. ഈ വർഷം 25 ഏക്കർ വയലിലാണ് നെൽകൃഷി ചെയ്തിരുന്നത്. പൊൻമണിയുടെ വിത്താണ് ഇത്തവണ ഇറക്കിയത്. ഇവിടെ നിന്നും കൊയ്‌തെടുത്ത നെല്ല് സപ്ലൈകോ നേരിട്ട് സംഭരിക്കുകയും ചെയ്തു.
ഭാര്യ ആയിശ നല്ലൊരു കർഷകയാണ്. കുഞ്ഞിപ്പയുടെ പ്രവാസ കാലത്ത് കൃഷിയിറക്കിയിരുന്നതും പരിപാലിച്ചിരുന്നതും ആയിശയായിരുന്നു. മരുമകൾ ഫൗസിയ, മകൾ ഫാത്തിമ റഹ്മത്ത്, സഹോദരന്റെ മകൻ മുഹമ്മദ് എന്നിവർ കുഞ്ഞിപ്പയെ കൃഷിയിൽ സഹായിക്കുന്നു. കൂടാതെ മുപ്പതോളം അഥിതി തൊഴിലാളികളുമുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിൻവാങ്ങിയതോടെ ഇദ്ദേഹത്തിന്റെ കുടുംബമാണ് ഇപ്പോൾ സഹായികളായിട്ടുളളത്. കുഞ്ഞിപ്പയുടെ തോട്ടത്തിലെ ജൈവ പച്ചക്കറികളാണ് കാലങ്ങളായി വളാഞ്ചേരി,കുറ്റിപ്പുറം, തിരുന്നാവായ അങ്ങാടികളിലെ പച്ചക്കറി കടകളിൽ വിൽപ്പനക്ക് എത്തുന്നത്. ലോക്ക് ഡൗണായതിനാൽ വിഷു വിപണിയിലേക്ക് ഇത്തവണ പച്ചക്കറികൾ വേണ്ടത്ര എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും നാട്ടുകാർക്ക് വിഷരഹിത പച്ചക്കറികൾ നൽകാൻ കഴിഞ്ഞ സംതൃപ്തിയിലാണ് കുഞ്ഞിപ്പയും കുടുംബവും.

LEAVE A REPLY

Please enter your comment!
Please enter your name here