Home NEWS ലോക്കായെങ്കിലും ഇവർ ഇപ്പോൾ ഹാപ്പിയാണ്

ലോക്കായെങ്കിലും ഇവർ ഇപ്പോൾ ഹാപ്പിയാണ്

0

ബൈജു തിരൂർ
തിരൂർ: ഉദ്യോഗസ്ഥർ, കച്ചവടക്കാർ, കൂലിപ്പണിക്കാർ, ഭിക്ഷക്കാർ. പല ജില്ലയിലും സംസ്ഥാനത്തുമുള്ളവർ, വ്യത്യസ്ത ഭാഷക്കാർ, വേഷക്കാർ…ജീവിതത്തിന്റെ പല മേഖലയിലുള്ളവരാണിവരെല്ലാം, പലരും ഇതുവരെ പരസ്പരം കണ്ടിട്ടുപോലുമില്ലാത്തവർ. പക്ഷെ ഇന്ന് ഇവർ ഒരു മേൽക്കൂരക്ക് താഴെയാണ്.
ഭക്ഷണവും ഉറക്കവുമൊക്കെ ഒരുമിച്ച്. ആഴ്ച്ചകൾ പലത് കഴിഞ്ഞു ഇവർ ഇവിടെ ഒരുമിച്ചിട്ട്. തിരൂർ ജി.എം.യു.പി സ്‌കൂളിൽ ഒരുക്കിയ ജില്ലയിലെ ഏക അഭയാർഥി ക്യാമ്പിലുള്ള ഇവർക്ക് ഇപ്പോൾ നിറയെ സന്തോഷമാണ്. ഈ അതിഥികൾ ആ സന്തോഷം പാട്ടും ആട്ടവും കളിചിരി തമാശകളുമായി പങ്ക് വെക്കുകയും ചെയ്യുന്നു. അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൗണിൽ തിരൂരിൽ കുടുങ്ങിയവരാണിവർ. ജില്ലാ പഞ്ചായത്ത് സുരക്ഷയിൽ ഉദ്യോഗസ്ഥയായ കോട്ടയംകാരി മോളി, ഉത്സവ പറമ്പിലെ കച്ചവടക്കാരനായ കോഴിക്കോട്ടുകാരൻ ശശിധരൻ, എറണാകുളത്തേക്കുള്ള കാൽനടയാത്രയിൽ വന്നുപെട്ട അഷറഫും സുഹൃത്തും, തമിഴ്‌നാട് സ്വദേശികളും യാചകരുമായ തങ്കച്ചികൾ..എണ്ണം പൂർത്തിയാവുമ്പോൾ തിരൂർ നഗരസഭയുടെ ഈ അഭയാർഥി ക്യാമ്പിലെ പട്ടികയിലുള്ളത് 40 ഓളം പേര്.
തിരൂർ ബസ്റ്റാന്റിൽ നിന്നാണ് പോലീസിന്റെ സഹായത്തോടെ ഇവരെ സ്‌കൂളിലെ സുരക്ഷാ ക്യാമ്പിൽ എത്തിച്ചത്.
തുടക്കത്തിൽ എല്ലാവർക്കും ഒരല്പം ആശങ്കയുണ്ടായിരുന്നെങ്കിലും ദിവസങ്ങൾ പിന്നിട്ടപ്പോൾ ഇന്നിവിടെ ഇവർ വളരെ സന്തോഷവാന്മാരാണ്. നാല് നേരം സുഭിക്ഷമായ ഭക്ഷണം, പേടിയില്ലാതെ അന്തിയുറങ്ങാൻ സുരക്ഷമായ സ്ഥലം, സദാസമയം സേവന തല്പരരായ വൊളന്റിയർമാർ, ഇവിടെ എല്ലാ സൗകര്യങ്ങളും വേണ്ടുവോളമുണ്ടെന്ന് ക്യാമ്പിലെത്തിയവർ പറയുന്നു.
ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നഗരസഭാ ചെയർമാൻ കെ.ബാവ, കൗൺസിലർ മുനീറ കിഴക്കാംകുന്നത്ത് എന്നിവർ നേതൃത്വം നൽകുന്നു. പോലീസ് ഉദ്യോഗസ്ഥരും സന്നദ്ധ സേവകരും പൊതുപ്രവർത്തകരും സദാസമയം ഇവർക്ക് കൂട്ടിനുണ്ട്. ലോക്ക് ഡൗണിൽ കുടുങ്ങിയത് നന്നായി എന്നാണ് ഇവരിപ്പോൾ പറയുന്നത്.
കാരണം ജീവിതത്തിലെ നല്ലൊരു പാഠമാണ് ഇവർ പഠിച്ചു തീർത്തത്.

മോളിയുടെ പാട്ടിനൊത്ത് ഇവർ താളം പിടിക്കുന്നു
തിരൂർ: കോട്ടയം സ്വദേശിനി മോളി മലപ്പുറം ജില്ലാ പഞ്ചായത്തിൽ സുരക്ഷയിൽ ഉദ്യോഗസ്ഥയാണ്, ഒപ്പം നല്ലൊരു ഗായികയുമാണ്.
കൊറോണയോടനുബന്ധിച്ച് തിരൂർ ജി.എം.യു.പി സ്‌കൂളിൽ ഒരുക്കിയ ജില്ലയിലെ ഏക അഭയാർഥി ക്യാമ്പിൽ തീർത്തും അവിചാരിതമായി എത്തപ്പെട്ട ഇവരുടെ ഹാസ്യ മാപ്പിളപ്പാട്ടിനൊത്ത് താളം പിടിക്കുന്നത് അന്യസംസ്ഥാനക്കാരാണ്.
കോട്ടയത്തെ വീട്ടിലേക്ക് പോവാനായി മലപ്പുറത്ത് നിന്നും ഓട്ടോ പിടിച്ച് തിരൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു ഇവർ.
അപ്പോഴാണ് പൊടുന്നനെ നിരോധനാജ്ഞ പ്രഖ്യാപിച്ചതും ട്രെയിനടക്കമുള്ള വാഹനങ്ങൾ സർവ്വീസ് അവസാനിപ്പിച്ചതും. പിന്നെ എന്ത് ചെയ്യണമെന്നറിയാതെ ഒരു റൂമിനായി പരതിയെങ്കിലും അതും കിട്ടിയില്ല. അങ്ങിനെയാണ് ഭീതിയോടെ ബസ്റ്റാന്റിലെത്തുന്നത്. ഒരു രാത്രി അവിടെ കഴിച്ച്കൂട്ടി.
പിറ്റേന്നാണ് പോലീസുകാർ സ്‌കൂളിലെ ക്യാമ്പിലെത്തിക്കുന്നത്. ജീവിതത്തിലെ ആധിയോടെയുള്ള ആദ്യാനുഭവം പക്ഷെ ഇപ്പോൾ ആസ്വദിച്ച് തീർക്കുകയാണ് ഈ കലാകാരി.
വിധിയെ പഴിക്കാതെ ക്യാമ്പിലെ മറ്റുള്ളവർക്കൊപ്പം ആടിയും പാടിയും കഥപറഞ്ഞും ലോക്ക്ഡൗൺ കാലം ആസ്വദിക്കുകയാണ് മോളിയമ്മ.

LEAVE A REPLY

Please enter your comment!
Please enter your name here