Home FEATURE കാടാമ്പുഴ ലൈഫ് മിഷൻ: മാതൃകയായി മാറാക്കര മോഡൽ

കാടാമ്പുഴ ലൈഫ് മിഷൻ: മാതൃകയായി മാറാക്കര മോഡൽ

0

കാടാമ്പുഴ: മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകൾക്ക് ഒട്ടും കുറവില്ലാത്ത സ്ഥലമാണ് മാറാക്കര. തങ്ങളുടേതായ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് എല്ലാ സംഘടനകളും. സി.എച്ച് ചാരിറ്റബിൾ ട്രസ്റ്റ്, റെഡ് സ്റ്റാർ മാറാക്കര, ഇന്ദിര പ്രിയ ദർശിനി തുടങ്ങിയ കൂട്ടായ്മകളെല്ലാം തിളക്കമുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
എന്നാൽ പ്രദേശത്തെ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, കലാ കായിക മേഖലയിലെ എല്ലാവരും ഒത്ത് ചേർന്ന് ഒരു കേന്ദ്രം തുടങ്ങിയിരിക്കുകയാണ്. അതും നിർധന രോഗികൾക്ക് ഏറെ ആശ്വാസമാകുന്ന ഒരു ഡയാലിസിസ് സെന്റർ. കാടാമ്പുഴ ലൈഫ് മിഷൻ ട്രസ്റ്റിന് കീഴിലുള്ള ഈ ‘മാറാക്കര മോഡൽ’ പദ്ധതി, കേരളത്തിനായി തീർക്കുന്നത് ഒരു മഹാമാതൃകയാണ്.
മാറാക്കര എ.സി നിരപ്പിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വിശാലമായ കോമ്പൗണ്ടിനകത്താണ് മാറാക്കര ഗ്രാമപഞ്ചായത്തിന്റെയും കാടാമ്പുഴ ലൈഫ് മിഷന്റെയും കീഴിലുള്ള ആധുനിക സജ്ജീകരണങ്ങളോടെയുള്ള സൗജന്യ നിരക്കിലുള്ള ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നത്.
10 പേർക്ക് ഒരേസമയം ഡയാലിസിസ് ചെയ്യാവുന്ന സംവിധാനത്തോടെയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. നിലവിൽ ഏഴ് മെഷീനുകളാണ് പ്രവർത്തിക്കുന്നത്. പ്രതിമാസം മൂന്നര ലക്ഷം രൂപയാണ് പ്രവർത്തന ചെലവ്. മാറാക്കര പഞ്ചായത്തിലുള്ള സുമനസുകളിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. പണം സ്വരൂപിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കമ്മിറ്റികളുണ്ടാക്കിയിട്ടുണ്ട്. മാറാക്കര പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും രോഗികൾക്ക് സൗജന്യ നിരക്കിലാണ് ഇവിടെ ഡയാലിസിസ് ചെയ്യുന്നത്.
മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.മധുസൂധനൻ, എ.പി മൊയ്തീൻ കുട്ടി, പി.പി ബഷീർ, ഷാഫി പുളിക്കൽ, ഹമീദ് പാറമ്മൽ, കെ.സി.കുഞ്ഞുട്ടി, ഒ.കെ സുബൈർ, കെ.പി രമേശ്, കെ.പി സുരേന്ദ്രൻ, സി.അബ്ദുറഹിമാൻ മാസ്റ്റർ, കെ.കെ ശശീന്ദ്രൻ മാസ്റ്റർ, എം.ജയരാജൻ, അഡ്വ.പി ജാബിർ, ഒ.പി കുഞ്ഞിമുഹമ്മദ്, വി. സജിത്ത്, പ്രഭാകരൻ കാടാമ്പുഴ, കെ.പി ജമാലുദ്ധീൻ എന്നിവരടങ്ങിയ ട്രസ്റ്റാണ് സെന്ററിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
നിർധനരായ നിരവധി കിഡ്‌നി രോഗികൾക്ക് ആശ്വാസമായ ഈ ഡയാലിസിസ് കേന്ദ്രം സൗഹൃദങ്ങളുടെ, മൈത്രിയുടെ മഹാ സന്ദേശമായി മാറാക്കരയിൽ തലയുയർത്തി നിൽക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here