Home FEATURE പുരാവസ്തു ശേഖരണം ഇസ്മായിലിന് വെറും ഒരു വിനോദമല്ല

പുരാവസ്തു ശേഖരണം ഇസ്മായിലിന് വെറും ഒരു വിനോദമല്ല

0

കോട്ടക്കൽ: പൈതൃകവസ്തുക്കൾ ശേഖരിക്കൽ ഇസ്മായീൽ കോട്ടക്കൽ എന്ന എരഞ്ഞിക്കൽ ഇസ്മായീലിന് ഒരു തപസ്യയാണ്. പാരമ്പര്യമായി കിട്ടിയ 1885 കാലഘട്ടത്തിലുള്ള വല്യുപ്പയുടെ ഉപ്പ ഉപയോഗിച്ചിരുന്ന വസ്തുക്കൾ നിധിപോലെ സൂക്ഷിച്ച് തുടങ്ങിയ ഈ ചരിത്രസ്‌നേഹി ഇന്ന് അമൂല്യങ്ങളായ ഒരുപാട് പൈതൃക പുരാവസ്തുക്കളുടെ ഉടമയാണ്.
പഴയ കാലങ്ങളിൽ രാത്രി കല്യാണങ്ങൾക്കായി ഉപയോഗിച്ചിരുന്ന അലാവുദ്ധീൻ വിളക്ക് എന്ന പേരിലറിയപ്പെടുന്ന പെട്രോമാക്‌സ്, പാട്ടുപെട്ടി, തൂക്ക് കട്ടകൾ, വിവിധ കാലങ്ങളിലെ റേഡിയോകൾ, ക്യാമറകൾ, ഗ്രാമഫോൺ, വാൾവ് സെറ്റ്, ട്രെയിൻ സിഗ്‌നൽ വിളക്ക്, പട വാളുകൾ, ഉറുമി, പടച്ചട്ട, മെതിയടി, ചകിടി മണ്ണ് കൊണ്ട് എഴുതിയിരുന്ന എഴുത്ത് പലക, എഴുത്തോല, മൂന്ന് മീറ്റർ നീളത്തിൽ ഒറ്റത്തടിയിൽ നിർമ്മിച്ച കിടപ്പ് പടി, പ്ലേറ്റുകൾ, സ്വർണം സൂക്ഷിച്ചിരുന്ന ആമാടപ്പെട്ടി തുടങ്ങി വ്യത്യസ്ത പൈതൃക വസ്തുക്കൾ ഇസ്മായിലിന്റെ ശേഖരത്തിലുണ്ട്. കൂടാതെ കോട്ടക്കലിന്റെ പഴയ കാലം മുതലുള്ള ചരിത്രങ്ങളും ഫോട്ടോകളും ശേഖരത്തിലുണ്ട്. 1975ൽ കോട്ടക്കൽ ആസ്ഥാനമായി തുടങ്ങിയ കല എന്ന ക്ലബ്ബിൽ അംഗമായിരുന്ന ഇസ്മായീൽ നല്ലൊരു ഗായകനും കൂടിയാണ്. കല ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്നത്തെ വയോജന ക്ലാസുകൾ, കുഷ്ഠരോഗികൾക്കുള്ള വസ്ത്ര ശേഖരണം തുടങ്ങി വ്യത്യസ്ത സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. അഭിനേതാവ് കൂടിയായ ഈ മുൻ പ്രവാസി സ്വദേശത്തും വിദേശത്തും വിവിധ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
രാജാസ് സ്‌കൂളിൽ നടന്ന സംസ്ഥാന തല നാടക മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. മാപ്പിളപ്പാട്ട്, തമിഴ്, ഹിന്ദി ഗാനങ്ങളും കഥാപ്രസംഗവും അവതരിപ്പിക്കും. മഞ്ചേരി എഫ് എം റേഡിയോയിലും ഗാനമാലപിച്ചിട്ടുണ്ട്. ഇപ്പോൾ കോട്ടക്കൽ ആർട്ട് ലെവൽ അസോസിയേഷൻ അംഗമാണ്. ശേഖരണത്തിലൂടെയും അതിനൊരിടം വീട്ടിൽ ഒരുക്കിയും പൈതൃകങ്ങളെ തലമുറകൾക്ക് കൈമാറുകയാണ് 58 കാരനായ ഇസ്മായീൽ കോട്ടക്കൽ. 35 വർഷം അബൂദാബിയിൽ പ്രവാസ ജീവിതത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here