Home AGRICULTURE കാണാൻ ആളില്ല; മനോഹര കാഴ്‍ചയൊരുക്കി സൂര്യകാന്തി ചിരിക്കുന്നു

കാണാൻ ആളില്ല; മനോഹര കാഴ്‍ചയൊരുക്കി സൂര്യകാന്തി ചിരിക്കുന്നു

0

കോട്ടക്കൽ: എല്ലാവരും ലോക്കായ ഇക്കാലത്ത് കാഴ്ച്ക്കാരില്ലെങ്കിലും പതിവ് പോലെ പുത്തൂർ പാടത്ത് ഇത്തവണയും സൂര്യകാന്തി പൂക്കൾ വിരിഞ്ഞു. പുത്തൂർ ബൈപാസിലാണ് 40 സെന്റ് സ്ഥലത്ത് മനോഹര കാഴ്ച് സമ്മാനിച്ച് കേരളത്തിൽ അപൂർവമായി കൃഷി ചെയ്യുന്ന സൂര്യകാന്തി പൂത്ത് നിൽക്കുന്നത്.
കോട്ടക്കൽ പുത്തൂരിലെ കർഷകനായ വലിയകുന്നൻ കുഞ്ഞിമൊയ്തീൻ തുടർച്ചയായ അഞ്ചാം വർഷമാണ് സൂര്യകാന്തി കൃഷി ചെയ്യുന്നത്. എണ്ണയുടെ ആവശ്യത്തിനായാണ് കൃഷി. 100 ലിറ്ററോളം എണ്ണ ഈ കൃഷിയിൽ നിന്ന് ലഭിക്കുമെന്ന് കുഞ്ഞിമൊയ്തീൻ പറയുന്നു.
സ്വന്തം ആവശ്യങ്ങൾക്ക് ശേഷം ബാക്കിയുള്ളത് ഇദ്ദേഹം വിൽക്കുകയും ചെയ്യുന്നു. ശുദ്ധമായ ഒരുലിറ്റർ സൺഫ്ലവർ എണ്ണ ഇദ്ദേഹം വിൽക്കുന്നത് 400 രൂപക്കാണ്.
പലരും സ്ഥിരമായി എണ്ണവാങ്ങാറുണ്ടെന്നും ആവശ്യക്കാർക്ക് കൊടുക്കാൻ കഴിയാറില്ലെന്നും ഇദ്ദേഹം പറയുന്നു.
തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് മുൻ വർഷങ്ങളിൽ വിത്ത് കൊടുന്നിരുന്നത്. എന്നാൽ ഈ വർഷം മൊറോക്കോയിൽ നിന്ന് സുഹൃത്ത് കൊണ്ടുവന്ന വിത്താണ് വിതച്ചത്. വെള്ളത്തിന്റെ ലഭ്യതക്കുറവ് കൃഷിയെ ബാധിച്ചെങ്കിലും വേണ്ടത്ര വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. ജനുവരി പകുതിയോടെ വിതക്കുന്ന വിത്ത് മൂന്ന് മാസം കഴിഞ്ഞാൽ വിളവെടുക്കും. നെല്ല്, കരിമ്പ്, വാഴ, ചെരങ്ങ, വെള്ളരി, വെണ്ട തുടങ്ങിയവ കൃഷിചെയ്യുന്ന കുഞ്ഞിമൊയ്തീൻ തുള്ളി നന സംവിധാനമുപയോഗിച്ച് അടുത്ത വർഷം സൂര്യകാന്തി കൃഷി വ്യാപിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here