Home LOCAL NEWS സ്‌നേഹവീട്ടിലെ റംസാൻ വിശേഷം

സ്‌നേഹവീട്ടിലെ റംസാൻ വിശേഷം

0

തിരൂർ: കോവിഡ് 19 ലോക്ക് ഡൗണിൽ വിരുന്നെത്തിയ വിശുദ്ധ മാസത്തിലും അവർക്ക് പതിവ് തെറ്റിയില്ല. ഇപ്രാവശ്യവും പരിശുദ്ധ റംസാനെ അവർ എതിരേറ്റത് പുതുവസ്ത്രങ്ങളണിഞ്ഞാണ്. തിരൂർ സ്‌നേഹ വീട്ടിലെ അന്തേവാസികൾ റംസാനെ വരവേൽക്കുന്നത് ഇങ്ങിനെയാണ്. പെരുന്നാൾ പോലെ തന്നെ പുതുവസ്ത്രങ്ങളണിഞ്ഞാണ് നോമ്പിനെയും അവർ സ്വീകരിക്കുക.
ഇത് വർഷങ്ങളോളമായുള്ള പതിവ് രീതിയാണ്. ഒരർഥത്തിൽ പറഞ്ഞാൽ സ്‌നേഹ വീടിന്റെ പോറ്റമ്മയും സാമൂഹിക പ്രവർത്തകയുമായ ഖമറുന്നീസ അൻവർ എന്ന മാതൃകാ വനിതയിൽ നിന്നും പകർന്നുകിട്ടിയ ശീലമാണിത്. വിശുദ്ധ മാസം സമാഗതമായ സന്തോഷം സ്‌നേഹവീട്ടിലെ അന്തേവാസികളായ 15 പേരുടെയും മുഖത്തുണ്ടായിരുന്നു.
തിരൂർ സ്‌നേഹ വീട്ടിൽ കഴിയുന്ന ഇവർക്ക് റമസാൻ കാലം വേറിട്ട അനുഭൂതിയുടേതാണ്. കോവിഡ് ഭീതിയിൽ നാട് മുഴുവൻ ലോക്ക് ഡൗൺ ആയെങ്കിലും അതൊന്നും ഈ സ്‌നേഹ വീട്ടിലെ സ്‌നേഹിതകളെ ബാധിച്ചിട്ടില്ല. ലോക്ക്ഡൗണിൽ എല്ലായിടത്തു നിന്നും വിഷമങ്ങളും വേവാലാതികളും ഉയരുമ്പോഴും ഇവർ ഇവിടെ സന്തോഷത്തിലാണ്. ഒരുപക്ഷെ കാലം ഇവരുടെ ദുഖങ്ങൾക്കുമേൽ മണ്ണിട്ടതുകൊണ്ടാവാം ഇവർക്കിങ്ങനെ ഉറക്കെ ചിരിക്കാൻ കഴിയുന്നത്. ഇവിടെ നോമ്പ് തുറയും അത്താഴവും മുത്താഴവുമെല്ലാം സൂപ്പറാണ്. ഇവിടെ കഴിയുന്ന അംഗങ്ങളിൽ 20 മുതൽ 70 വയസ്സ് വരെയുള്ള സ്ത്രീകളുണ്ട്.
ഇവർക്ക് കരുതലിന്റെ ഉണർത്തുപാട്ടുമായി സദാസമയം ഖമറുന്നിസ അൻവർ എന്ന സാമൂഹിക പ്രവർത്തകയുണ്ട്. വയസ്സ് 70 പിന്നിട്ടെങ്കിലും സ്‌നേഹ വീട്ടിലുള്ളവർക്ക് സ്‌നേഹം പകർന്ന് ഊർജസ്വലതയോടെ ഓടി നടക്കുകയാണിവർ. അപൂർവം ചിലർ നൽകുന്നതൊഴിച്ചാൽ സ്‌നേഹ വീട്ടിലുള്ളവർക്ക് ഭക്ഷണം സ്വന്തം വീട്ടിൽ നിന്നാണ് ഇവർ നൽകുന്നത്.
നോമ്പിന് അത്താഴവും മുത്താഴവുമെല്ലാം വീട്ടിൽ നിന്ന് തന്നെ. മുസ്ലിം യൂത്ത് ലീഗാണ് ഇപ്രാവശ്യം എല്ലാ ദിവസവും ഇവർക്കായി നോമ്പ് തുറ വിഭവങ്ങൾ ഒരുക്കുന്നത്. സാമൂഹിക ക്ഷേമ ബോർഡ് അധ്യക്ഷയായി 9 വർഷവും വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷയായി മൂന്ന് വർഷവും നയിച്ച ഔദ്യോഗിക ജീവിതാനുഭവങ്ങളാണ് ഒമ്പത് വർഷം മുമ്പ് സ്‌നേഹ വീട് എന്ന സംരംഭം തുടങ്ങാൻ ഖമറുന്നിസയെന്ന സാമൂഹിക പ്രവർത്തകയെ പ്രേരിപ്പിച്ചത്.
സ്‌നേഹ വീടിന്റെ പ്രവർത്തനം ഒരു പതിറ്റാണ്ടോടടുക്കുമ്പോഴും സേവന രംഗത്ത് നിറസാന്നിധ്യമായി, നിരാലംബരുടെ ആശാ കേന്ദ്രമായി തിരൂരിന്റെ ഹൃദയ ഭാഗത്ത് തല ഉയർത്തി നിൽക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here