Home FEATURE പ്രതീക്ഷയുടെ താളുകളിൽ രണ്ട് പെൺകുട്ടികൾ

പ്രതീക്ഷയുടെ താളുകളിൽ രണ്ട് പെൺകുട്ടികൾ

0

എന്‍ എം സുഹൈല്‍

സ്വന്തമായി ഹോം ലൈബ്രറിയുമായി നിഫ് ല
വളവന്നൂർ ബാഫഖി യതീംഖാന ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി നിഫ്‍ലക്ക് പിടിപ്പത് പണിയാണിപ്പോൾ. പുസ്തകങ്ങൾ വായിച്ചുതീർക്കുന്ന തിരക്കിനിടയിൽ വീട്ടിൽ നടത്തുന്ന സ്വന്തം ലൈബ്രറിയിലേക്ക് വരുന്നവർക്ക് പുസ്തകങ്ങൾ എടുത്ത് കൊടുക്കണം, അത് രജിസ്റ്ററിൽ രേഖപ്പെടുത്തണം, അവർ കൃത്യമായി തിരിച്ച് കൊണ്ടുവരുന്നുണ്ടോ എന്ന് പരിശോധിക്കണം.
ജീവിതത്തിൽ കൃത്യനിഷ്ഠക്ക് പ്രാധാന്യം കൊടുക്കുന്ന നിഫ് ല ഇതെല്ലാം വളരെ കൃത്യമായി ചെയ്യുന്നു. അധ്യപക ദമ്പതികളായ കിഴക്കെപാറ മയ്യേരി നൂറുൽ അമീന്റെയും സലീനയുടെയും മകളായ ഈ മിടുക്കി വീട്ടിലൊരുക്കിയ 500 ഓളം വ്യത്യസ്ത പുസ്തകങ്ങളുള്ള ഗ്രന്ഥാലയം നടത്തുന്നു.പുസ്തക വായന ഇഷ്ടവിനോദമാക്കിയ നിഫ് ല നൂറുകണക്കിന് പുസ്തകങ്ങൾ ഇതിനോടകം വായിച്ചു തീർത്തു.
ടോൾസ്റ്റോയി കഥകൾ, കെ.ആർ മീരയുടെ ആരാച്ചാർ, ആലങ്കോട് ലീലാകൃഷ്ണന്റെ വിഷു കഴിഞ്ഞ പാടങ്ങൾ, ബന്യാമിൻ, അക്ബർ കക്കട്ടിൽ, കെ.പി രാമനുണ്ണി, പി.സുരേന്ദ്രൻ എന്നിവരുടെ എന്റെ പ്രിയപ്പെട്ട കഥകൾ എന്നിവ ഈ ലോക്ക്ഡൗണിൽ വായിച്ചു തീർത്ത നിഫ് ല ഷെർക് ഹോംസിന്റെ സമ്പൂർണ്ണ കൃതികൾ വാള്യം ഒന്നാണ് ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്. തിരൂർ തുഞ്ചൻ ഉത്സവത്തിൽ സ്ഥിരമായി പങ്കെടുക്കുന്ന നിഫ് ല വായനാ മത്സരത്തിലും ക്വിസ് മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം വാങ്ങാറുണ്ട്.
പുസ്തക മേളകളിൽ നിന്നാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഘടിപ്പിക്കാറ്. നിരവധിപേർ അംഗങ്ങളുള്ള ലൈബ്രറിയിൽ വിദ്യാർഥിനികളായ എ. ജിന, എ. റന്ന, എം. ദിലു ഹംന എന്നിവർ നിത്യ സന്ദർശകരാണ്.
പേപ്പർ ക്രാഫ്റ്റ്, ബോട്ടിൽ പെയിന്റിംഗ് എന്നിവയിലും ഒരു കൈ പരീക്ഷിക്കുന്ന നിഫ് ലക്ക് സഹായികളായി സഹോദരങ്ങളായ നഹീൽ അമീനും നഫീദും കൂടെയുണ്ട്.

പുസ്തകങ്ങളെ കൂട്ടുകാരിയാക്കി ഫാത്തിമ സന
ചേരൂരാൽ ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി മാളിയേക്കൽ ഫാത്തിമ സനക്ക് കൂട്ടുകാരികളൊരുപാടുണ്ടെങ്കിലും ഇഷ്ടകൂട്ട് പുസ്തകങ്ങളോടാണ്. വായന മരിക്കുന്നു എന്ന് മുറവിളി ഉയരുന്ന ഇക്കാലത്ത് വായനാലോകത്ത് വസന്തം തീർക്കുകയാണ് ഫാത്തിമ സന.
ഈ ചെറുപ്രായത്തിൽ ചെറുതും വലുതുമായ 200 ലധികം പുസ്തകങ്ങൾ ഈ മിടുക്കി വായിച്ചു തീർത്തു. എൽ.പി സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ വായനയിൽ താല്പര്യം തോന്നിയ സന സ്‌കൂൾ ലൈബ്രറികളിൽ നിന്ന് പുസ്തകമെടുത്താണ് വായിക്കുന്നത്. കൂടാതെ പരിചയക്കാരിൽ നിന്നും പുസ്തകങ്ങൾ സംഘടിപ്പിച്ച് വായിക്കാറുണ്ട്.
വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം വാങ്ങിയിട്ടുള്ള ഫാത്തിമ സന ബിസിനസ്‌കാരനും കീബോർഡ് ആർട്ടിസ്റ്റുമായ പന്താവൂർ മാളിയേക്കൽ അബ്ദുൽ സലാമിന്റെ മകളാണ്. പിതാവിനെ പോലെതന്നെ കലാമേഖലയിലും കഴിവ് തെളിയിച്ച സന നല്ലൊരു ഗായികയും ചിത്രകാരിയുമാണ്.
നൂറോളം ചിത്രങ്ങൾ സന ഇതിനോടകം വരച്ചു തീർത്തു. മാപ്പിളപ്പാട്ടുകളും അറബി ഗാനങ്ങളും ഭക്തിഗാനങ്ങളും ഒരേപോലെ ആലപിക്കുന്ന സന സ്‌കൂൾ വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. പരമാവധി പുസ്തകങ്ങൾ ശേഖരിച്ച് വീട്ടിൽ സ്വന്തമായി ഒരു ഗ്രന്ധശാല ഉണ്ടാക്കുകാനുള്ള ഒരുക്കത്തിലുള്ള സനക്ക് പ്രോത്സാഹനവും പ്രചോദനവുമായി നിഴൽ പോലെ കൂട്ടിന് സഹോദരി ഷഫ്‌നയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here