Home FEATURE ഓർമകളുടെ കപ്പലേറി മൊയ്തീൻകുട്ടി ഹാജി

ഓർമകളുടെ കപ്പലേറി മൊയ്തീൻകുട്ടി ഹാജി

0

കെ.പി ഖമറുൽ ഇസ്‍ലാം
തിരുന്നാവായ: പാത്തിക്കൽ മൊയ്തീൻകുട്ടി ഹാജിക്ക് ഉലകം ചുറ്റലായിരുന്നു ജോലി. 72 വയസ് പിന്നിട്ട ജീവിതത്തിന്റെ പകുതി ഭാഗവും രാജ്യങ്ങൾ താണ്ടിയുള്ള യാത്രയിൽ തന്നെയായിരുന്നു ഇദ്ദേഹം.
ഏഴ് വൻകരകളിലായി ലോകത്തെ ഏതാണ്ട് തൊണ്ണൂറ് ശതമാനം രാജ്യങ്ങളിലും കാല് കുത്താൻ ഭാഗ്യം ലഭിച്ച, സംഭവ ബഹുലമായ ജീവിത യാത്ര ഓർത്തെടുക്കുകയാണ് തിരുന്നാവായ മുട്ടിക്കാട് സ്വദേശി പാത്തിക്കൽ മൊയ്തീൻകുട്ടി ഹാജി. ഇ.എസ്.എസ്.എൽ.സി പഠനത്തിന് ശേഷം 1954 ൽ തൊഴിൽ തേടി മുംബൈയിലെത്തിയ മൊയ്തീൻ കുട്ടി ചെറുതും വലതുമായ ജോലി ചെയ്ത് ജീവിതം മുമ്പോട്ട് കൊണ്ടുപോകവെയാണ് കേന്ദ്ര സർക്കാറിന്റെ മർച്ചന്റ് നേവിയുടെ കപ്പലുകളിലേക്ക് ജോലിക്കാരെ എടുക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടത്.1963-ലാണിത്, മൊയ്തീൻകുട്ടി സുഹൃത്തുക്കളെയും കൂട്ടി മുംബൈയിലെ മർച്ചന്റ് നേവിയുടെ ഓഫീസിൽ എത്തി. തികച്ചും പട്ടാള ചിട്ടയിലായിരുന്നു ജോലിക്കാരെ തെരെഞ്ഞടുത്തിരുന്നത്.
പതിനെട്ടിനും ഇരുപത്തിനാലിനും മധ്യെ പ്രായമുളള യുവാക്കളെയായിരുന്നു നേവി ജോലിക്കായി തെരഞ്ഞടുത്തത്. ആദ്യ ബാച്ചിൽ തെരഞ്ഞടുക്കപ്പെട്ട യുവാക്കളിൽ മൊയ്തീൻകുട്ടിയുമുണ്ടായിരുന്നു. വിശാഖപട്ടണത്തെ മൂന്നു മാസത്തെ പരിശീലനത്തിന് ശേഷം തിരിച്ചെത്തിയ മൊയ്തീൻ കുട്ടി ബ്രിട്ടീഷുകാരനായ ജോൺസൻ ക്യാപ്റ്റനായ ജലകേറ്റുയെന്ന കപ്പലിലാണ് ആദ്യമായി ജോലിക്ക് കയറിയത്.
ഏല്‍പ്പിച്ച ജോലികൾ കൃത്യമായി ചെയ്ത മൊയ്തീൻ കുട്ടി ചുരിങ്ങിയകാലം കൊണ്ട് കപ്പൽ ഓടിക്കാനും പഠിച്ചു. ജലകേറ്റു, ജലദർധി,നാൽക്കജയന്തി, ജലപരാക്ക തുടങ്ങിയ 25 ഓളം കപ്പലുകളിലായി ജോലിചെയ്തു. രാജ്യങ്ങൾ തേടിയുള്ള ഓരോ കപ്പൽ യാത്രയും ദിവസങ്ങൾ പിന്നിടുന്നതായിരുന്നു. സൂയിസ് കനാലിനുവേണ്ടി ഇസ്രായിലും ഈജിപ്തും തമ്മിലുണ്ടായ യുദ്ധത്തെ തുടർന്ന് ശ്രീലങ്കയിൽ നിന്നും കാനഡയിലേക്കുളള യാത്രയാണ് മൊയ്തീൻകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ കപ്പൽ യാത്ര.
സുപ്രദിശ മുനമ്പ് ചുറ്റിയാണ് ഒന്നര മാസത്തിന് ശേഷം ചരക്കുകപ്പൽ കാനഡയിൽ എത്തിചേർന്നത്. രത്‌നഗിരി സ്വദേശിയായ ഇബ്രഹിം കുട്ടി കപ്പൽ യാത്രക്കിടെ അസുഖ ബാധിതനായി അമേരിക്കയിലെ ചികാഗോയിൽ വെച്ച് മരണമടയുകയും മുസ്ലിം ആചാരപ്രകാരമുളള കർമ്മങ്ങൾക്ക് ശേഷം ക്രിസ്ത്യൻ സെമിത്തേരിയിൽ അടക്കം ചെയ്തതും 1967 ൽ ആന്ധ്രയിലും ചെന്നൈയിലെ മറീന ബീച്ചിലുമുണ്ടായ കൊടുങ്കാറ്റിൽ കമ്പനിയുടെ ജലഗംഗ എന്ന കപ്പലും ചൈനയുടെ മറ്റൊരു ചരക്ക് കപ്പലും തകർന്നതും നാൽപ്പതോളം ആളുകൾക്ക് ജീവൻ നഷ്ട്മായതും ഗദ്ഗദത്തോടെയാണ് ഇദ്ദേഹമിന്നും ഓർക്കുന്നത്.
ഒഴിവുവേളകളിൽ കപ്പിത്താന്മാർക്കൊപ്പം മീൻ പിടിക്കുന്നത് ഒരു ഹരമായിരുന്നു മൊയ്തീൻകുട്ടിക്ക്. 151 ഇന്ത്യൻ രൂപയാണ് ആദ്യ കാലങ്ങളിൽ മാസംതോറും ലഭിച്ചിരുന്നത്.ഒൻപത് മാസത്തിലധികം ഒരേ കപ്പലിൽ ജോലിചെയ്യാൻ നിയമം അനുവദിക്കാതിരുന്നത് മൂലം കാര്യമായ ആനുകൂല്യങ്ങൾ ലഭ്യമായില്ല. ഒരോ തസ്തികയിലും മൂന്നു വർഷം ജോലി ചെയ്യണമെന്നാണ് നിയമം. 1999 ൽ ജോലിയിൽനിന്ന് റിട്ടയർമെന്റെ് ചെയ്ത മൊയ്തീൻ കുട്ടിക്ക് 200 രൂപയാണ് കേന്ദ്ര തുറമുഖ വകുപ്പിൽ നിന്നും പെൻഷനായി ലഭിക്കുന്നത്.
കപ്പൽ യാത്രക്കും ജോലിക്കും കാരണമായത് സൂഫിവര്യനായ തേനു മുസ്ലിയാർ കൂരിയാടന്നെന്ന് മൊയ്തീൻകുട്ടി ഹാജി ഇന്നും വിശ്വസിക്കുന്നു. നാട്ടിലുണ്ടായിരുന്ന കാലത്ത് എട്ട് മാസത്തോളം തേനുട്ടി മുസ്ലിയാരുടെ പരിചാരകനായി സേവനം ചെയ്തിരുന്നു. അന്ന് ജോലി അന്വേഷിക്കുന്ന കാര്യം പറഞ്ഞപ്പോൾ നിനക്ക് കടലിലും കരയിലും ധാരളം ജോലിയുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി ഹാജി ഓർക്കുന്നു. പ്രായം തളർത്തിയെങ്കിലും മങ്ങലേൽക്കാത്ത ഓർമകളുമായി കഴിയുകയാണ് മൊയ്തീൻകുട്ടി ഹാജി.

LEAVE A REPLY

Please enter your comment!
Please enter your name here