Home DISTRICT യാത്രാ വിവരങ്ങൾ മറച്ചുവക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും: ജില്ലാ കലക്ടർ

യാത്രാ വിവരങ്ങൾ മറച്ചുവക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും: ജില്ലാ കലക്ടർ

0

കോവിഡ് സ്ഥിരീകരിച്ച കാലടി സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറം: ഇതര സംസ്ഥാനങ്ങൾ, രോഗ ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ യാത്രാ വിവരങ്ങൾ മറച്ചുവെച്ചാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക്. ചരക്ക് വാഹനങ്ങളിലും മറ്റുമായെത്തി ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കാതെ കഴിയുന്നവർ പൊതു ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുകയാണ്. കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച എടപ്പാൾ കാലടി സ്വദേശി യഥാർഥ യാത്രാ വിവരങ്ങൾ ആരോഗ്യ പ്രവർത്തകരിൽ നിന്ന് മറച്ചുവച്ചതായി കണ്ടെത്തി. ഇത് അംഗീകരിക്കാനാവില്ലെന്നും ജില്ലാ കലക്ടർ പറഞ്ഞു.
യാത്രാ വിവരങ്ങൾ പൂർണ്ണമായും കൈമാറാതിരുന്ന കോവിഡ് ബാധിതനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. മുംബൈ താനെ ജില്ലയിലെ ബിവണ്ടിയിൽ ഇളനീർ വിൽപ്പന കേന്ദ്രത്തിലെ തൊഴിലാളിയായ 38 കാരൻ ഏപ്രിൽ 11 ന് ചരക്ക് ലോറിയിലാണ് കേരളത്തിലെത്തിയത്. കൽപറ്റ വഴി ഏപ്രിൽ 15 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി. കോഴിക്കോട് നിന്ന് അരി ലോറിയിൽ യാത്ര ചെയ്ത് വൈകുന്നേരം ആറ് മണിയ്ക്ക് രാമനാട്ടുകരയിലെത്തി. അവിടെ നിന്ന് ചേളാരിയിലേക്ക് നടന്നു. രാത്രി 8.30 ന് ചേളാരിയിൽ നിന്ന് ഇയാൾക്ക് ഒപ്പമെത്തിയ മാറഞ്ചേരി സ്വദേശിയ്ക്കും മറ്റ് രണ്ട് പേർക്കുമൊപ്പം ഓട്ടോറിക്ഷയിൽ ചമ്രവട്ടം പാലത്തിനടുത്തെത്തി അവിടെ നിന്നാണ് മറ്റൊരു സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയത്. കോഴിക്കോട് നിന്ന് യാത്ര ചെയ്തെത്തിയ വിവരങ്ങളാണ് മറച്ചുവച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here