Home DISTRICT മലപ്പുറം ജില്ലയിലേക്കുള്ള അനധികൃത പ്രവേശനം തടഞ്ഞ് ജില്ലാഭരണകൂടം

മലപ്പുറം ജില്ലയിലേക്കുള്ള അനധികൃത പ്രവേശനം തടഞ്ഞ് ജില്ലാഭരണകൂടം

0

പഞ്ചായത്ത്-വാർഡ് തല അതിർത്തി നിരീക്ഷണ സമിതികൾ രൂപീകരിച്ചു

മലപ്പുറം: ജില്ലയിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അനധികൃതമായി അതിർത്തി കടന്ന് ജില്ലയിലെത്തുന്നവരെ തടയാൻ നടപടികൾ ഊർജ്ജിതമാക്കി. ഇതര സംസ്ഥാനങ്ങൾ, അതിർത്തി ജില്ലകൾ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത പ്രവേശനം തടയുന്നതിനും ഇങ്ങനെ എത്തുന്നവരുടെ വിവരങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും പഞ്ചായത്ത്-വാർഡ് തല ജനകീയ നിരീക്ഷണ സമിതികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതായി ജില്ലാകലക്ടർ ജാഫർ മലിക് അറിയിച്ചു. സമിതികൾ 24 മണിക്കൂറും പ്രവർത്തിക്കും. അതിർത്തി സംസ്്ഥാനങ്ങൾ, ജില്ലകൾ എന്നിവിടങ്ങളിൽ നിന്നായി അനധികൃതമായി പലവിധ മാർഗ്ഗങ്ങളിലൂടെ പലരും ജില്ലയിൽ പ്രവേശിക്കുകയും പൊതുജനങ്ങളുമായി ഇടപഴകി രോഗവ്യാപനത്തിന് ഇടയാക്കുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജനകീയ സമിതികൾ രൂപീകരിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ ഗ്രാമപഞ്ചായത്ത് ജനകീയ സമിതിയിൽ ഏസ്.എച്ച്.ഒ, പഞ്ചായത്ത് സെക്രട്ടറി, അതിർത്തി ഉൾക്കൊള്ളുന്ന വാർഡുകളിലെ ജനപ്രതിനിധികൾ, വില്ലേജ് ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, സി.ഡി.എസ്. ചെയർപേഴ്‌സൺ തുടങ്ങിയവർ അംഗങ്ങളാണ്. വാർഡ് തല അതിർത്തി നിരീക്ഷണ സമിതികളുടെ മേൽനോട്ടവും അവർക്കാവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകുന്നതും പഞ്ചായത്ത് നിരീക്ഷണ സമിതിയായിരിക്കും. മേലധികാരികൾക്കുള്ള ആവശ്യമായ റിപ്പോർട്ടുകൾ, പരിഹാര നടപടികൾ തുടങ്ങിയവ സമയാസമയങ്ങളിൽ പഞ്ചായത്ത് നിരീക്ഷണ ജനകീയ സമിതി നൽകും.
വാർഡ് മെമ്പർ ചെയർമാനായ വാർഡ് തല സമിതിയിൽ സിവിൽ പൊലീസ് ഓഫീസർ, വാർഡ് റാപ്പിഡ് റെസ്‌പോൺസ് ടീം, വാർഡ് തല വളന്റിയർമാർ, ജനമൈത്രി പൊലീസ്, ചെയർമാൻ നിശ്ചയിക്കുന്ന ജീവനക്കാർ തുടങ്ങിയവർ അംഗങ്ങളാണ്.

സമിതിയുടെ പ്രവർത്തനങ്ങൾ

• വാർഡ് തല നിരീക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ പ്രധാന അതിർത്തി/പ്രവേശന കവാടം അല്ലാതെയുള്ള വനാതിർത്തികൾ, കാനന പാതകൾ , നാട്ടിടവഴികൾ, സ്വകാര്യ ഭൂമികൾ , പുഴകൾ, തോടുകൾ, തുടങ്ങിയ പാതകളിലൂടെ ജില്ലയിലേക്കുള്ള മുഴുവൻ അനധികൃത പ്രവേശനവും തടയും.

• അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കുന്നവരെ ഷെൽട്ടർ/ക്വാറന്റൈനിലേക്ക് പ്രവേശിപ്പിക്കാൻ വാർഡ് തല സമിതികൾ നടപടി സ്വീകരിക്കും.

• അനധികൃത പ്രവേശനം സാധ്യമാകുന്ന എല്ലാ പോയിന്റുകളും അടക്കുകയും ആവശ്യമായ നിരീക്ഷണം/കാവൽ ഏർപ്പെടുത്തും.

• ആവശ്യമെങ്കിൽ കൂടുതൽ വളന്റിയർമാർ, ജനമൈത്രി പൊലീസ് തുടങ്ങിയവരെ അതിർത്തികളിൽ നിയോഗിക്കുന്നതിന് പഞ്ചായത്ത് തല അതിർത്തി നിരീക്ഷണ സമിതിയോട് വാർഡ്തല സമിതിക്ക് നിർദേശിക്കാം.

• വാഹനം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും പഞ്ചായത്ത് തല അതിർത്തി നിരീക്ഷണ സമിതി വാർഡ് തല സമിതിക്ക് ഒരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here