Home FEATURE അയാൾ കല എഴുതുകയാണ്

അയാൾ കല എഴുതുകയാണ്

0

എന്‍.എം.സുഹൈൽ

തിരൂർ: അധ്യാപകൻ, ചിത്രകാരൻ, ഗാന രചയിതാവ്, ഫോട്ടോഗ്രാഫർ, സംവിധായകൻ, ലോഗോ ഡിസൈനർ…അസ് ലം തിരൂർ എന്ന ബഹുമുഖ പ്രതിഭയുടെ വിശേഷണങ്ങൾ നീണ്ടുപോവുകയാണ്. താനാളൂർ മീനടത്തൂർ സ്വദേശിയും റിട്ടയർഡ് വിൽപ്പന നികുതി ഓഫീസറുമായ മുണ്ടേക്കാട്ട് മൊയ്തീൻ കുട്ടിയുടെയും കോടിയേരി ഫാത്തിമയുടെയും നാലു മക്കളിൽ രണ്ടാമനായ അസ്‍ലം, തിരൂർ തുമരക്കാവ് എ.എൽ.പി.സ്്കൂളിലെ അറബിക് അധ്യാപകനാണ്.
കൈവെച്ച മേഖലയിലെല്ലാം ഏറെ തിളങ്ങുകയും നിരവധി അംഗീകാരങ്ങൾ തേടിയെത്തുകയും ചെയ്തു എന്നത് ഈ പ്രതിഭയുടെ തിളക്കം ഏറെ കൂട്ടുന്നു. പ്രശസ്ത മാപ്പിളപ്പാട്ടായ ‘സംകൃതപമഗരി’ യുടെ രചയിതാവും അറബിക് കാലിഗ്രാഫി ചിത്രകാരനുമായ വാഴപ്പുള്ളി മുഹമ്മദിന്റെ കൊച്ചുമകനായ അസ് ലം ഉപ്പാപ്പയുടെ പാരമ്പര്യം നിലനിർത്തി മാപ്പിളപ്പാട്ടടക്കം നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ‘എന്നും നിനയ്ക്കായ് പാടാം’ എന്ന പ്രശസ്ത മലയാള ആൽബത്തിലെ രണ്ടു ഗാനങ്ങളടക്കം നിരവധി മലയാള ആൽബങ്ങൾക്കു വേണ്ടിയും അസ് ലം ഗാനങ്ങളെഴുതിയിട്ടുണ്ട്. സ്വന്തം ദേശമായ തിരൂരിനെക്കുറിച്ചെഴുതിയ ‘ദേശം’ എന്ന ഗാനം തിരൂരിലും വിദേശത്തുമായി നിരവധി വേദികളിൽ അവതരിപ്പിക്കപ്പെട്ടു.
2010ൽ ഷാർജയിൽ നടന്ന തിരൂർ ടീം ഫെസ്റ്റിൽ പഴയ സിനിമാഗാനങ്ങൾ കോർത്തിണക്കി ചെയ്ത ‘മധുരിക്കും ഓർമ്മകളെ’ എന്ന പരിപാടിയുടെ സംവിധാനവും രംഗസജ്ജീകരണവും സുഹൃത്ത് വിജയൻ വാരിയത്തുമൊന്നിച്ച് നിർവ്വഹിച്ചത് കലാജീവിതത്തിലെ ഇദ്ദേഹത്തിന്റെ മറക്കാനാകാത്ത അനുഭവമായിരുന്നു. കഴിഞ്ഞ വർഷം ഖത്തർ ആസ്ഥാനമായി നടന്ന ഗ്ലോബൽ മാപ്പിളപ്പാട്ട് രചനാ മത്സരത്തിൽ 120 രചനകളിൽ നിന്ന് അസ്‍ലമിന്റെ രചനയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ജലച്ചായം, അക്രിലിക്, എണ്ണച്ചായം തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങളുപയോഗിച്ച് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരക്കുന്ന അസ്‍ലം, സമകാലിക സംഭവങ്ങളെ ആസ്പദമാക്കി വരക്കുന്ന ചിത്രങ്ങളും കുറിപ്പുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പള്ളിമുറ്റത്ത് നടന്ന താലികെട്ടിന്റെ ചിത്രം പതിനായിരങ്ങളാണ് ഷെയർ ചെയ്തത്.
2018-19 അധ്യയന വർഷം സ്വന്തം വിദ്യാലയത്തിൽ നിന്നും നാലാം തരം കഴിഞ്ഞു പോകുന്ന 25 വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ വരച്ച് നൽകിയ വാർത്ത സംസ്ഥാന തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ, ലോഗോ രൂപകൽപ്പനയിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ അസ് ലം തിരൂരിന് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ലാ, ജില്ലാ, സംസ്ഥാന സ്‌കൂൾ കലോത്സവങ്ങൾക്കും കായികമേളകൾക്കും ശാസ്ത്രമേളകൾക്കും നിരവധി തവണ ഇദ്ദേഹത്തിന്റെ ലോഗോ തെരഞ്ഞെടുത്തിട്ടുണ്ട്. 2017ൽ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ വ്യത്യസ്തതകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. കൂടാതെ കെ.എ.ടി.എഫ്, കെ.എസ്.ടി.യു തുടങ്ങിയ അധ്യാപക സംഘടനകളുടെ സംസ്ഥാന സമ്മേളനങ്ങൾക്ക് വർഷങ്ങളായി ലോഗോ രൂപകൽപ്പന ചെയ്തു വരുന്നു.
2013 ലെ ആൾ കേരള കിന്റർ ഫെസ്റ്റ്, 2017ൽ കണ്ണൂരിൽ നടന്ന നാഷണൽ സ്‌കൂൾ ഗെയിംസ് തൈക്വാൺഡോ ചാമ്പ്യൻഷിപ്പ് എന്നിവയുടെ ലോഗോ വരച്ച ഈ കലാകാരന്റെ ലോഗോ 2020ൽ കോഴിക്കോടു വെച്ച് നടക്കുന്ന ലോക ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിനായി തെരഞ്ഞെടുത്തത് വലിയ അംഗീകാരമായി. നിരവധി വിദ്യാലയങ്ങൾക്കും കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും വേണ്ടിയും ഇദ്ദേഹം ലോഗോ രൂപകൽപ്പന ചെയ്തിട്ടുണ്ട്.നിരവധി വർഷം പ്രഫഷണൽ ഫോട്ടോഗ്രാഫി രംഗത്തും പ്രവർത്തിച്ച് കഴിവ് തെളിയിച്ച അസ്ലം, വള്ളത്തോൾ സ്‌കൂളിൽ നിന്നും പകർത്തിയ ഭിന്ന ശേഷി വിദ്യാർഥിയുടെ ടീച്ചറെ ഫ്രൈമിലാക്കുന്ന സെൽഫി ഫോട്ടൊ കുട്ടികൾക്ക് ഏറെ ആത്മവിശ്വാസവും പ്രചോദനവും നൽകുന്ന ഒന്നായി മാറി.
മാതാപിതാക്കളും സഹോദരങ്ങളും കുടുംബാഗങ്ങളും നൽകിയ പ്രോത്സാഹനവും പിന്തുണയുമാണ് കലാരംഗത്ത് ചുവടുറപ്പിക്കാൻ അസ് ലമിന് പ്രേരണയായത്. ക്രാഫ്റ്റ് കലാകാരിയും കലാസ്വാദകയുമായ നല്ലപാതി ശബ്‌ന മെഹ്‌റയും ഏകമകനും എം.കോം വിദ്യാർഥിയുമായ ജസീം അസ് ലമും നിറഞ്ഞ പിന്തുണയും പ്രോത്സാഹനവുമായി ഇപ്പോൾ ഇദ്ദേഹത്തൊടൊപ്പമുണ്ട്.
അസ്‍ലം കലാ യാത്ര തുടരുകയാണ്, ഇനിയും ചെയ്ത് തീർക്കാനുള്ള ഒട്ടേറെ പുതുമകൾ തേടി…

LEAVE A REPLY

Please enter your comment!
Please enter your name here