Home LOCAL NEWS നാട് ലോക്കായി, മൊട്ടക്ക് ലൈക്കായി

നാട് ലോക്കായി, മൊട്ടക്ക് ലൈക്കായി

0

പി. മുഹമ്മദ് ഫായിസ്

താനൂർ: മൊട്ട യുവാക്കളുടെ ഫാഷൻ രംഗത്തെ നിത്യ വസന്തമാണ്. അതിന് കാല വ്യത്യാസങ്ങളൊന്നുമില്ല. മുടി ചെറുതാക്കാൻ മടിക്കുന്നവരും മൊട്ടയടി ഇഷ്ടപ്പെടാറുണ്ട്. വേനലവധി കാലത്താണ് മൊട്ടയടിക്കുവാൻ എത്തുന്നവരുടെ എണ്ണം കൂടുന്നത്.
പക്ഷെ ഏറെ പുതുമയുള്ള ഈ ലോക്ക് ഡൗൺ കാലത്ത് പുതുമകളേറെ സമ്മാനിച്ച് നാട്ടിലെങ്ങും ഇപ്പോൾ മൊട്ടക്കൂട്ടങ്ങളുടെ ബഹളമാണ്. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തലമുണ്ഡനം ചെയ്ത യുവാക്കളും മുതിർന്നവരും നാട്ടിലെ കൗതുക കാഴ്ച്ചകളാവുകയാണ്. ബാർബർ ഷോപ്പുകൾ പൂർണമായും അടച്ചത് നാട്ടിലെ ‘മുടിയന്മാ’ർക്ക് പാരയായി മാറി. വെസ്റ്റേൺ, ആംഗ്ലൊ, ഇന്ത്യൻ സ്‌റ്റൈലുകളിലെല്ലാം പല കോലത്തിലും രൂപത്തിലും മുടിവെട്ടിയിരുന്നവർക്ക് ഇപ്പോൾ യാതൊരു മാർഗവുമില്ലാതായി.
ലോക്ക് ഡൗൺ കലാവധി നീണ്ട് പോകുന്നതോടെ ഇവരിൽ പലരും കൂട്ടത്തോടെ മൊട്ടയടിക്കാൻ തീരുമാനിക്കുകയായിരുന്നു.കനത്ത ചൂടിൽ വൃദ്ധരും കുട്ടികളും ഈ ട്രെൻഡ് ഏറ്റെടുത്തതോടെ നാട്ടിലെങ്ങും മൊട്ടകളുടെ മേളമായി. മുടി നീണ്ടതോടെ ജലദോഷവും തുമ്മലുമൊക്കെ പിടിപെട്ടത് മൊട്ട അടിക്കാൻ കാരണമായി പറയുന്നവരുമുണ്ട്.
ലോക്ക് ഡൗണിനെ തുടർന്ന് ഓഫീസ് ജോലിയുൾപ്പടെ മറ്റ് ജോലികൾ ഒന്നും തന്നെ ഇല്ലാതെ പൂർണമായും വീട്ടിലിരിക്കുന്നതിനാൽ മൊട്ടയടിക്കാൻ പറ്റിയ സമയമിതാണെന്നും പുറത്തിറങ്ങാത്തത് കൊണ്ട് നാട്ടുകാരുടെ കളിയാക്കലിൽ നിന്ന് രക്ഷപ്പെടാം എന്ന് കണ്ടെത്തിയവരും ഇക്കൂട്ടത്തിലുണ്ട്.
എല്ലാവരും ബാർബർമാരായ ഈ കോവിഡ് കാലത്ത് ഏറ്റവും എളുപ്പത്തിൽ ഡ്രിമ്മറുകൾ ഉപയോഗിച്ച് ചെയ്യാൻ പറ്റുന്നത് മൊട്ടയടിയായത്‌കൊണ്ട് മൊട്ടയടിക്കുന്നവരും ധാരാളമുണ്ട്. മൊട്ടയടിക്കലിന് വലിയ വൈദഗ്ധ്യം വേണ്ടെന്നാണ് ഇക്കൂട്ടർ പറയുന്നത്.
മുമ്പ് മൊട്ടയടിച്ചാൽ ആളുകൾ കാണാതിരിക്കാൻ തൊപ്പിയോ ടവ്വലോ തലയിലിടുകയാണ് പതിവെങ്കിൽ ഈ ന്യൂജെൻ കാലത്ത് എല്ലാം മറിച്ചാണ്, മൊട്ടയടിച്ചവർ സെൽഫിയെടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ ഇത് കോവിഡ് കോലമായി കണ്ട് ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലുമുള്ള ഫ്രീക്കന്മാർ വരെ കൂട്ടത്തോടെ ഇപ്പോൾ മൊട്ടയടി ആരംഭിച്ചിട്ടുണ്ട്.
ഒറ്റയ്ക്കും കൂട്ടമായും മൊട്ടകൾ ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങൾ കീഴടക്കിയിരിക്കുകയാണ്. മൊട്ടയടി ഒരു ചലഞ്ചായി ഏറ്റടുത്ത് ടിക്ടോക്കിൽ ലൈക്ക് വാരിക്കൂട്ടുന്നവരുടെ എണ്ണവും ഇപ്പോൾ കൂടിവരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here