Home FEATURE കഥകൾ ബാക്കിയാക്കി അത്താണികൾ യാത്രയാവുന്നു

കഥകൾ ബാക്കിയാക്കി അത്താണികൾ യാത്രയാവുന്നു

0

കെ.പി ഖമറുൽ ഇസ്‍ലാം

കോട്ടക്കൽ: പറഞ്ഞിട്ടും തീരാത്ത പഴങ്കഥകൾ ഒരുപാട് ബാക്കിവെച്ച് നാട്ടുമ്പുറങ്ങളിൽ നിന്ന് അത്താണികൾ യാത്രയാവുന്നു. പഴയകാല ജീവിതങ്ങളുടെ പ്രതീകങ്ങളായിരുന്ന അത്താണികൾക്ക് രാജഭരണകാലത്തെ ചരിത്രങ്ങളും ഒട്ടേറെ പറയാനുണ്ട്.
വാഹന, റെയിൽ ഗതാഗതങ്ങൾ ഇല്ലാതിരുന്ന കാലത്ത് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്ന വഴിയാത്രക്കാരുടെയും കർഷകരുടെയും കുടിയാന്മാരുടെയും വിയർപ്പിന്റെ മണമാണ് അത്താണികൾക്കുള്ളത്. തലയിൽ ചുമടുകളുമായി നടന്നു നീങ്ങിയിരുന്ന ഇവർ നീണ്ട യാത്രക്കിടയിലെ ക്ഷീണമകറ്റാൻ ചുമടിറക്കി വിശ്രമിച്ചിരുന്നത് പാതയോരങ്ങളിൽ നാട്ടി നിർത്തിയിരുന്ന വലിയ കരിങ്കല്ലുകളിലും ചെങ്കല്ലിലും തീർത്ത ചുമടുതാങ്ങികൾ എന്ന് പറയുന്ന ഈ അത്താണികളിലാണ്. ഉയരത്തിൽ നാട്ടിയിട്ടുള്ള രണ്ട് കല്ലുകൾക്ക് മുകളിൽ മറ്റൊരു കല്ല് വച്ചാണ് കരിങ്കല്ലുകൾ കൊണ്ടുളള അത്താണികൾ ഉണ്ടാക്കിയിരുന്നത്. രണ്ടടി നീളവും ഒരടി വീതിയും അരയടി കനവുമുളള ചെങ്കല്ലുകൾ മനോഹരമായി ചിട്ടയിൽ അടുക്കിവെച്ചാണ് ചെങ്കല്ലിൽ അത്താണികൾ ഉണ്ടാക്കിയിരുന്നത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് പൂർവികർ ഇത്തരം ചുമടുതാങ്ങികൾ നിർമിച്ചിരുന്നത് പരസഹായം കൂടാതെ ചുമടിറക്കി വെക്കാനുള്ള ഉപാധിയായിട്ടാണ്. പഴമയുടെ പ്രതീകങ്ങളായി നിലനിന്ന വഴിയോരങ്ങളിലെ അത്താണികൾ പുതുതലമുറയുടെ കാഴ്ചയിൽ നിന്ന് പുറത്താവുകയാണ്. പോയകാലത്തെ ചരിത്രംപേറുന്ന, ചുമടുതാങ്ങികൾ ഇന്ന് പാതകളുടെ പുതുമോടികളിൽ അധികപ്പറ്റായി മാറുകയാണ്.
പ്രൗഢിയോടെ നിന്നിരുന്ന പല അത്താണികളും ഇന്ന് കാടുപിടിച്ച് മറഞ്ഞുതുടങ്ങി. ചിലയിടങ്ങളിൽ റോഡ് നവീകരണത്തിനിടെ പൊളിച്ചുമാറ്റുകയും ചെയ്തു. കാളവണ്ടികൾ പോയ പാതകൾ മോട്ടോർ വാഹനങ്ങൾ കൈയടക്കിയപ്പോൾ അത്താണികൾ ഒന്നൊന്നായി രംഗത്ത് നിന്ന് അപ്രത്യക്ഷമായി.
ചിലയിടങ്ങളിലെ ചുമടുതാങ്ങികളിൽ അക്കാലത്തെ വ്യക്തികളുടെ പേരുകൾ കൊത്തിവെച്ചിട്ടുണ്ട്. ഇത് അത്താണി നിർമിക്കുന്നതിന് സഹായം ചെയ്തവരുടെയോ ഉണ്ടാക്കിയ വ്യക്തികളുടെയോ പേരുകളാകാമെന്ന് പഴമക്കാർ പറയുന്നു. അത്താണികളുടെ പേരിൽ നിരവധി സ്ഥലങ്ങളും ഇന്നുണ്ട്. പുത്തനത്താണി, കരിങ്കല്ലതാണി, പൂവത്താണി, നടുവിലതാണി, രണ്ടത്താണി, കുറുകത്താണി, കുട്ടികളത്താണി തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം തുടങ്ങി പല ജില്ലകളിലും പ്രശസ്തമായതും അല്ലാത്തതുമായ ഒട്ടേറെ സ്ഥല നാമങ്ങൾ അത്താണി ചേർത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here