Home COVID- 19 മലപ്പുറം ജില്ലയിൽ നാല് പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിൽ നാല് പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

0

രോഗബാധിതർ മുംബൈ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നെത്തിയവർ


മലപ്പുറം: ജില്ലയിൽ നാല് പേർക്കുകൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ വഴിക്കടവ് മടപ്പൊയ്ക സ്വദേശി 25 കാരൻ, വളാഞ്ചേരി വടക്കുംപുറം സ്വദേശി 61 കാരൻ, കോയമ്പത്തൂരിൽ നിന്നെത്തിയ താനാളൂർ സ്വദേശി 33 കാരൻ, ചെന്നൈയിൽ നിന്നെത്തിയ എടപ്പാൾ കോലൊളമ്പ് സ്വദേശി 23 കാരൻ എന്നിവർക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. സർക്കാർ അനുമതിയോടെ നാട്ടിൽ തിരിച്ചെത്തിയ ഇവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്.

മുംബൈയിലെ ജ്വല്ലറിയിൽ ജീവനക്കാരനാണ് വൈറസ് ബാധയുള്ള വഴിക്കടവ് മടപ്പൊയ്ക സ്വദേശി. മുംബൈ കൊളാബയിലെ താമസ സ്ഥലത്ത് നിന്ന് മെയ് 11 ന് രാത്രി 10 മണിയ്ക്ക് മറ്റ് 23 പേർക്കൊപ്പം സ്വകാര്യ ബസിൽ യാത്ര തിരിച്ച് മെയ് 13 ന് രാവിലെ എട്ട് മണിയ്ക്ക് കോഴിക്കോടെത്തി. അവിടെ നിന്ന് പിതാവിനും സഹോദരനുമൊപ്പം സ്വകാര്യ കാറിൽ വഴിക്കടവ് മണിമൂളിയിലെ കോവിഡ് കെയർ സെന്ററിലെത്തി ഉച്ചയ്ക്ക് 12 മുതൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. തലവേദനയും ശരീര വേദനയും അനുഭവപ്പെട്ടത്തിനെ തുടർന്ന് മെയ് 14 ന് വൈകുന്നേരം 4.45 ന് 108 ആംബുലൻസിൽ എത്തി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.
മുബൈ സിറ്റിയിൽ ഇളനീർ കച്ചവടക്കാരനാണ് വളാഞ്ചേരി വടക്കുംപുറം സ്വദേശി 61 കാരൻ. മുംബൈയിലെ മദ്രാസ്വാടി ചേരിയിലെ ലോട്ടസിൽ ഇയാൾ താമസിച്ചിരുന്ന സ്ഥലത്ത് കൂടെയുണ്ടായിരുന്ന അഞ്ച് പേർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. മെയ് 12 ന് വൈകുന്നേരം ആറ് മണിയ്ക്ക് രണ്ട് ബസുകളിൽ 46 പേർക്കൊപ്പം നാട്ടിലേയ്ക്ക് യാത്ര ആരംഭിച്ചു. മെയ് 13 ന് രാത്രി എട്ട് മണിയ്ക്ക് കാസർക്കോട് തലപ്പാടിയിലെത്തി പരിശോധനകൾക്ക് ശേഷം മെയ് 14 ന് രാവിലെ എട്ട് മണിയ്ക്ക് എടയൂരിലെത്തി സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററിൽ പ്രവേശിച്ചു. പ്രകടമായ രോഗലക്ഷണങ്ങളെ തുടർന്ന് അന്നു തന്നെ രാവിലെ ഒമ്പത് മണിയ്ക്ക് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധ സ്ഥിരീകരിച്ച താനാളൂർ സ്വദേശി 33 കാരൻ കോയമ്പത്തൂർ ഉക്കടത്ത് ബേക്കറിയിലെ ജോലിക്കാരനാണ്. മെയ് ആറിന് മറ്റൊരു തിരൂർ സ്വദേശിക്കൊപ്പം രാവിലെ 6.15 ന് ബൈക്കിൽ നാട്ടിലേയ്ക്ക് തിരിച്ചു. രാവിലെ 8.15 ന് വാളയാറെത്തി. പരിശോധനകൾക്ക് ശേഷം യാത്ര തുടർന്ന് കൂടെയുള്ളയാളെ തിരൂർ മൂച്ചിക്കലിൽ ഇറക്കി ഉച്ചയ്ക്ക് ഒരുമണിയോടെ താനാളൂരിലെ വീട്ടിലെത്തി. ചുമ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ 108 ആംബുലൻസിൽ മെയ് 14 ന് വൈകുന്നേരം ആറ് മണിയ്ക്ക് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.
ഇയാളുമായി അടുത്ത സമ്പർക്കമുണ്ടായ പിതാവ്, മാതാവ്, ഭാര്യ, സഹോദരൻ, കൂടെ യാത്രചെയ്തെത്തിയ തിരൂർ സ്വദേശി എന്നിവർ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.
ചെന്നൈ കെ.പി. പാർക്കിൽ ബേക്കറി തൊഴിലാളിയാണ് എടപ്പാൾ കോലൊളമ്പ് സ്വദേശി 23 കാരൻ. ചെന്നൈ പട്ടാളം മാർക്കറ്റിൽ സഹോദരിക്കും കുടുംബത്തിനുമൊപ്പമായിരുന്നു താമസം. സഹോദരി, ഭർത്താവ്, രണ്ട് കുട്ടികൾ എന്നിവരുൾപ്പെടെ വീട്ടിലുണ്ടായിരുന്ന ഏഴ് പേർക്കും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. മെയ് 13 ന് മറ്റ് 10 പേർക്കൊപ്പം സ്വകാര്യ വാഹനത്തിൽ രാത്രി 9.30 ന് നാട്ടിലേക്ക് യാത്ര ആരംഭിച്ചു. മെയ് 14 ന് രാവിലെ 7.30 ന് വാളയാറിലെത്തി പരിശോധനകൾ പൂർത്തിയാക്കി. അവിടെ നിന്ന് മറ്റൊരു വാഹനത്തിൽ യാത്ര തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയിക്ക് വളാഞ്ചേരിയിലെത്തി. രോഗലക്ഷണങ്ങളുണ്ടെന്ന് മുൻകൂട്ടി വിവരം നൽകിയിരുന്നതിനാൽ ആരോഗ്യ വകുപ്പ് വളാഞ്ചേരിയിലെത്തിച്ച 108 ആംബുലൻസിൽ വൈകുന്നേരം നാല് മണിയ്ക്ക് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ മലപ്പുറം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 43 ആയി. 21 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here