Home COVID- 19 മലപ്പുറം ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0

മലപ്പുറം: ജില്ലയിൽ മൂന്ന് പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ കൊളാബയിൽ നിന്നെത്തിയ എടപ്പാൾ പോത്തന്നൂർ സ്വദേശി 49 കാരൻ, മുംബൈയിലെ വർളിയിൽ നിന്നെത്തിയ മുന്നിയൂർ ചിനക്കൽ സ്വദേശി 48 കാരൻ, ജിദ്ദയിൽ നിന്നെത്തിയ കാളികാവ് വെള്ളയൂർ സ്വദേശി 34 കാരൻ എന്നിവർക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു. ഇവർ മൂന്ന് പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്.
മുംബൈയിലെ കൊളാബയിൽ ഇളനീർ വിൽപ്പനക്കാരനാണ് എടപ്പാൾ പോത്തന്നൂർ സ്വദേശി. മെയ് 12ന് സ്വകാര്യ വാഹനത്തിൽ സർക്കാർ അനുമതിയോടെ യാത്രചെയ്ത് മെയ് 13ന് വീട്ടിലെത്തി പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മൂക്കടപ്പിനെ തുടർന്ന് മെയ് 16 ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പർക്കമുണ്ടായ ഭാര്യ, രണ്ട് മക്കൾ, ഭാര്യാ സഹോദരൻ, മാതാവ് എന്നിവരെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ജിദ്ദയിൽ ജോലി ചെയ്യുന്ന കാളികാവ് വെള്ളയൂർ സ്വദേശി കണ്ണിനുള്ള ചികിത്സയ്ക്കായി മെയ് 13 ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തി. മെയ് 14 മുതൽ സ്വന്തം വീട്ടിൽ ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണം ആരംഭിച്ചു. ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് 16 ന് 108 ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പർക്കമുണ്ടായ സഹോദരൻ, പിതാവ്, മാതാവ് എന്നിവർ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.
മുംബൈയിലെ വർളിയിൽ ഇളനീർ വിൽപ്പനക്കാരനായ മുന്നിയൂർ ചിനക്കൽ സ്വദേശി സർക്കാർ അനുമതിയോടെ മെയ് 12ന് സ്വകാര്യ വാഹനത്തിൽ യാത്ര ആരംഭിച്ച് മെയ് 14 ന് പുലർച്ചെ മുന്നിയൂരിലെ വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം പ്രത്യേക നിരീക്ഷണം ആരംബിച്ചു. തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് 16 ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പർക്കമുണ്ടായ ഭാര്യ, മൂന്ന് മക്കൾ എന്നിവരെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെഎണ്ണം 47 ആയി. 26 പേരാണ് രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരാൾ ആലപ്പുഴ സ്വദേശിനിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here