Home COVID- 19 മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു

0

മലപ്പുറം: ജില്ലയില്‍ 15 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വഴി മെയ് 20 ന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലെത്തിയ പോരൂര്‍ ചാത്തങ്ങോട്ടുപുറം സ്വദേശിനിയായ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, മെയ് 23 ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയ കാലടി നരിപ്പറമ്പ് സ്വദേശിയായ 46 കാരന്‍, അബുദബിയില്‍ നിന്ന് കൊച്ചി വഴി മെയ് 19 ന് വീട്ടിലെത്തിയ വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനി ഗര്‍ഭിണിയായ 26 കാരി, മെയ് 20 ന് റിയാദില്‍ നിന്ന് കണ്ണൂരിലേക്കുള്ള പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി 36 കാരന്‍, മെയ് 19 ന് കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്കുളള പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് വന്ന പുളിക്കല്‍ ഒളവട്ടൂര്‍ സ്വദേശി 54 കാരന്‍, മെയ് 27 ന് ദുബായില്‍ നിന്ന് കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനത്തിലെത്തിയ തലക്കാട് പുല്ലൂര്‍ സ്വദേശി 68 കാരന്‍, അഹമ്മദാബാദില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മെയ് 14 ന് എത്തിയ കുറ്റിപ്പുറം നടുവട്ടം കൊളത്തോള്‍ സ്വദേശി 43 കാരന്‍, ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയില്‍ മെയ് 22 ന് കോഴിക്കോട് വഴി വീട്ടിലെത്തിയ പുളിക്കല്‍ വലിയപറമ്പ് സ്വദേശി 30 വയസുകാരന്‍, ചെന്നൈയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മെയ് 24 ന് തിരിച്ചെത്തിയ വെട്ടം പറവണ്ണ സ്വദേശി 64 കാരന്‍, മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ മെയ് 18 ന് വീട്ടിലെത്തിയ വള്ളിക്കുന്ന് കടലുണ്ടിനഗരം സ്വദേശിനി 38 വയസുകാരി, മുംബൈ അന്ധേരിയില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 21 ന് വീട്ടിലെത്തിയ തിരൂരങ്ങാടി പണ്ടാരങ്ങാടി വടക്കേ മമ്പുറം സ്വദേശി 43 കാരന്‍, ഗൂഡല്ലൂരില്‍ നിന്ന് കാല്‍നടയായി മെയ് 25 ന് മഞ്ചേരിയിലെത്തിയ ഗൂഡല്ലൂര്‍ ധര്‍മ്മഗിരി സ്വദേശി 40 കാരന്‍, മൂത്തേടം നമ്പൂരിപ്പൊട്ടി നെല്ലിക്കുത്ത് സ്വദേശി 70 വയസുകാരന്‍, ചെമ്മാട് താമസിക്കുന്ന പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി 35 കാരന്‍, മഞ്ചേരി ചെരണിയില്‍ താമസിക്കുന്ന അസം സ്വദേശി 22 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. ഇവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

ചികിത്സയിലായിരുന്ന ഒരാള്‍ കൂടി കോവിഡ് മുക്തയായി
കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി രോഗമുക്തയായി. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശിനിയായ 70 കാരിക്കാണ് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മെയ് 17 ന് അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കുടുംബത്തോടൊപ്പം തിരിച്ചെത്തിയതായിരുന്നു ഇവര്‍. വീട്ടില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 21 ന് ഒപ്പമെത്തിയ മകന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെയ് 24 നാണ് ഇവര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായതിനെ തുടര്‍ന്ന് ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.

ജില്ലയില്‍ 632 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍; ആകെ നിരീക്ഷണത്തിലുള്ളത് 12,447 പേര്‍
കോവിഡ് – 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് 632 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. 12,447 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 220 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 215 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. 10,927 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,300 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ ചികിത്സയിലുള്ളത് 79 പേര്‍
കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 79 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, ഇടുക്കി സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടും. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 129 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 38 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. 10 പേര്‍ രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 3,949 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 373 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here