Home CRIME താനൂർ വാട്ട്സ് ആപ്പ് ഹർത്താൽ അക്രമകേസിലെ മുഖ്യപ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ

താനൂർ വാട്ട്സ് ആപ്പ് ഹർത്താൽ അക്രമകേസിലെ മുഖ്യപ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ

0

താനൂർ: വാട്ട്സ് ആപ്പ് ഹർത്താലിന്റെ മറവിൽ താനൂരിൽ അക്രമം നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. താനൂർ പണ്ടാരക്കടപ്പുറത്ത് മായിൻ പോക്കരകത്ത് അൽ അമീനെ (22) താനൂർ സി ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പൊന്നാനിയിൽ നിന്നും താനൂരിലേക്ക് മത്സ്യത്തൊഴിലാളികൾ വരുന്ന ബസ്സിൽ ഇയാളുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബസ്സ് കസറ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടർന്ന് ബസ്സിലുണ്ടായിരുന്ന ഇയാളെ പിടികൂടി. കഴിഞ്ഞ ഞായറാഴ്ച ചാപ്പപ്പടിയിൽ വെച്ച് പോലീസിനെ അക്രമിച്ച കേസിനെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്. കശ്മീർ കത്വയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് 2018 ഏപ്രിൽ 16ന് നടന്ന വാട്ട്സ് ആപ്പ് ഹർത്താലിൽ താനൂരിൽ വ്യാപക അക്രമമാണ് നടന്നത്. നഗരമധ്യത്തിലെ ബേക്കറി അടിച്ചുതകർക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. കൂടാതെ തൊട്ടടുത്തുള്ള പടക്കക്കടയും ആക്രമിച്ചിരുന്നു. പടക്ക കടയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയുടെ പടക്കം ഉപയോഗശൂന്യമാവുകയും 2500 രൂപയും നഷ്ടമാവുകയും ചെയ്തിരുന്നു. അന്നത്തെ അക്രമത്തിൽ പോലീസുകാർക്കും പരിക്കേറ്റിരുന്നു. നഗരത്തിലുണ്ടായ കല്ലേറിനും മറ്റ് അക്രമങ്ങൾക്കും നേതൃത്വം നൽകിയവരിലെ പ്രധാനിയായിരുന്നു അൽഅമീൻ. ആളെ തിരിച്ചറിയാതിരിക്കാനായി ഹെൽമറ്റ് ധരിച്ചാണ് ഇയാൾ അക്രമപ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയിരുന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ഞായറാഴ്ച പൊലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ സംഭവത്തിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹർത്താൽ ആക്രമണ കേസിൽ ആറ് പേർ കൂടി പിടിയിലാവാനുണ്ടെന്നും അവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും താനൂർ സി ഐ പി പ്രമോദ് അറിയിച്ചു. എസ് ഐമാരായ നവീൻ ഷാജ്, വാരിജാക്ഷൻ, എ എസ് ഐ ഗിരീഷ്, സി പി ഒ സലേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here