Home FEATURE ഡോ. ഗീത ഷാനവാസ്: ആരോഗ്യ, സേവന രംഗത്ത് ഡോക്ടർ തിരക്കിലാണ്

ഡോ. ഗീത ഷാനവാസ്: ആരോഗ്യ, സേവന രംഗത്ത് ഡോക്ടർ തിരക്കിലാണ്

0

ബൈജു അരിക്കാഞ്ചിറ

പ്രശസ്ത ഗൈനക്കോളജിസ്റ്റായ താങ്കൾക്ക് വളരെയേറെ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും സാമൂഹ്യ സേവന ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറഞ്ഞുനിൽക്കാൻ എങ്ങിനെ സാധിക്കുന്നു എന്ന ചോദ്യത്തിന് നിറഞ്ഞ പുഞ്ചിരിയായിരുന്നു ഡോക്ടറുടെ മറുപടി.
ഈ പുഞ്ചിരി പോലെ നിർമലമാണ് ഗീത ഷാനവാസ് എന്ന ഗൈനക്കോളജി ഡോക്ടറുടെ ജീവിതവും. തിരൂർ ജില്ലാ ആശുപത്രിയിലെ സ്ത്രീ രോഗ വിദഗ്ദയായ ഇവർ ഇന്ന് തിരൂരിലെ സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിധ്യമാണ്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രവർത്തന വഴിയിലെ വ്യത്യസ്തതകൊണ്ടും ആത്മാർഥ സേവനംകൊണ്ടും തിരൂരിന്റെ ഹൃദയം സ്വന്തമാക്കിയിരിക്കുകയാണ് ഡോക്ടർ ഗീത ഷാനവാസ്. സാമൂഹ്യ സേവനം തന്റെ കടമയും ഉത്തരവാദിത്വവുമായി കരുതുന്ന ഇവർ ജീവകാരുണ്യ പ്രവർത്തനത്തിൽ മനസംതൃപ്തി കണ്ടെത്തുന്നു.
തിരുവനന്തപുരം തൈക്കാട് സ്വദേശി ഡോക്ടർ ഷാനവാസിന്റെ ഭാര്യയായ ഇവർ കണ്ണൂർ സ്വദേശിനിയാണ്. കുട്ടിക്കാലം തൊട്ടെ സഹജീവി സ്‌നേഹം കാത്ത് സൂക്ഷിക്കുന്ന ഇവർ പഠന സമയത്ത് തന്നെ സോഷ്യൽ വർക്കുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
കഴിഞ്ഞ 24 വർഷമായി ഡോക്ടറായി സേവനം ചെയ്യുന്ന ഇവർ ആരോഗ്യ രംഗത്ത്, പ്രത്യേകിച്ച് സ്ത്രീകളുടെയും ഗർഭിണികളുടെയും ആരോഗ്യ രംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ട് വന്ന് ശ്രദ്ദേയയായിട്ടുണ്ട്.
പുതിയ ജീവിത രീതികളും ശീലങ്ങളും അവർക്കായി നൽകാൻ ആയിരക്കണക്കിന് ബോധവൽക്കരണ ക്ലാസുകൾ നടത്തിയിട്ടുണ്ട്. ഇതിനോടകം കാൽ ലക്ഷത്തോളം പ്രസവങ്ങൾ എടുത്തിട്ടുള്ള ഡോക്ടർ നിർധനരും നിരാശ്രയരുമായ ഗർഭിണികൾക്ക് ഒരാശ്വാസമാണ്.
എത്ര പ്രയാസം നിറഞ്ഞ പ്രസവ കേസുകളും ഈ ഡോക്ടറുടെ പരിചയ സമ്പന്നതക്ക് മുമ്പിൽ സുഖപ്രസവമാവുന്നു എന്നത് തന്നെയാണ് ഗർഭിണികളുടെ ഇഷ്ട ഡോക്ടറാവാൻ ഗീത ഷാനവാസിന് കഴിഞ്ഞത്. പാവപ്പെട്ട രോഗികൾക്ക് സാമ്പത്തിക സഹായം നൽകി സാന്ത്വനമായി അവരുടെ കൂടെ നിൽക്കുന്ന ഡോക്ടർ അവർക്ക് മരുന്നും ഭക്ഷണവും പരിചരണവുമെല്ലാം സൗജന്യമായി നൽകാറുണ്ട്.
തിരുവനന്തപുരം ലയൺസ് ക്ലബ്ബ്, പ്രേം നസീർ സുഹൃദ് സമിതി, ബാക്ട് ഭാരത് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി, സത്യജിത് റേ ഫിലിം സൊസൈറ്റി, കലാനിധി കൾച്ചറൽ സെന്റർ, സക്ഷമ കൾച്ചറൽ സൊസൈറ്റി, നന്മ ട്രസ്റ്റ് തുടങ്ങിയ കൂട്ടായ്മകളുടെയെല്ലാം മുൻനിര പ്രവർത്തകയായ ഗീത ഷാനവാസ് തിരൂർ സാന്ത്വന കൂട്ടായ്മയുടെ സജീവാംഗമാണ്.
സ്വന്തം നിലയിലും കൂട്ടായ്മക്ക് കീഴിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് വരുന്ന ഡോ. ഗീത തിരൂർ കട്ടച്ചിറയിൽ പോലീസിനെ കണ്ട് ഭയന്നോടി മരിച്ച ഓട്ടോ ഡ്രൈവർ നെടുവരമ്പത്ത് സുരേഷിന്റെ മകളുടെ പത്താം ക്ലാസ് വരെയുള്ള മുഴുവൻ ചെലവുകളും ഏറ്റെടുത്ത് ആ കുടുംബത്തെ ചേർത്ത് പിടിച്ചു.
തിരൂരിലെ ഓട്ടോ തൊഴിലാളികൾക്ക് സാന്ത്വനമായി മറിയ ഇവർ നാട്ടിലേക്ക് പോകാനായി തിരൂർ റെയിൽവെ സ്റ്റേഷനിലെത്തിയ അതിഥി തൊഴിലാളികൾക്ക് വെള്ളവും സ്‌നാക്‌സും നൽകി. കൂടാതെ തിരൂരിലെ മാധ്യമ പ്രവർത്തകർക്ക് പെരുന്നാൾ കിറ്റുകളും നൽകി.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി. സേവന പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് സ്വന്തം പണം ചെലവഴിച്ചാണ് എന്നത് ഡോ.ഗീത ഷാനവാസിനെ വേറിട്ട് നിർത്തുന്നു. ആത്മാർഥമായ പ്രവർത്തനങ്ങൾക്ക് 20 ഓളം അംഗീകാരങ്ങളും ഡോക്ടറെ തേടിയെത്തിയിട്ടുണ്ട്. ഭർത്താവ് ഡോ.ഷാനവാസും മകൻ ആദർശും നല്ല അഭിനേതാക്കളാണ്.
ഷാനവാസ് ഫ്രീക്കൻസ് അടക്കം 4 പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആദർശ് കൊറോണ ബോധവൽക്കരണ ഷോർട്ട് ഫിലിമിൽ ശ്രദ്ദേയമായ വേഷം ചെയ്തിട്ടുണ്ട്. ആരോഗ്യ രംഗത്തും സേവന രംഗത്തും ഒരേപോലെ തിളങ്ങുന്ന ഡോ. ഗീത ഷാനവാസ് കാരുണ്യ വഴിയിൽ യാത്ര തുടരുകയാണ്… നിറഞ്ഞ മനസോടെ മായാത്ത പുഞ്ചിരിയുമായി.

LEAVE A REPLY

Please enter your comment!
Please enter your name here