Home NEWS മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പെൺകുട്ടികൾക്കിനി സുരക്ഷിത യാത്ര: 211 സൈക്കിളുകൾ കൂടി സൗജന്യമായി നൽകി

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പെൺകുട്ടികൾക്കിനി സുരക്ഷിത യാത്ര: 211 സൈക്കിളുകൾ കൂടി സൗജന്യമായി നൽകി

0

താനൂര്‍: വിദ്യാഭ്യാസ പുരോഗതിക്കൊപ്പം ചെലവ് കുറഞ്ഞ സുരക്ഷിത യാത്രയൊരുക്കാൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 211 പെൺകുട്ടികൾക്ക് സൗജന്യമായി സൈക്കിളുകൾ സമ്മാനിച്ചു.
തീരദേശ വികസന കോർപ്പറേഷന്റെ മേൽനോട്ടത്തിലുള്ള പദ്ധതി പ്രകാരം കഴിഞ്ഞ അധ്യയന വർഷത്തിൽ ജില്ലയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 500 വിദ്യാർഥിനികൾക്കും സൈക്കിളുകൾ സൗജന്യമായി നൽകിയതിന് പുറമെയാണ് 211 സൈക്കിളുകൾ കൂടി അനുവദിച്ചത്.
പൊന്നാനി പാലപ്പെട്ടി മുതൽ കടലുണ്ടി മത്സ്യ ഗ്രാമം വരെയുള്ള മേഖലയിലെ സ്‌കൂളുകളിൽ ഏഴ് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പദ്ധതി പ്രകാരം സൗജന്യമായി സൈക്കിളുകൾ സമ്മാനിച്ചു.
പൊതുമേഖലാ സ്ഥാപനമായ പെട്രോനെറ്റ് എൽ.എൻ.ജി ഫൗണ്ടേഷൻ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാനത്താകെ 2,000 സൈക്കിളുകൾ വിതരണം ചെയ്യുന്നതിനായി അനുവദിച്ച 90 ലക്ഷം രൂപയിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് ജില്ലയിലെ വിദ്യാർഥിനികൾക്കും സൈക്കിളുകൾ നൽകിയത്.
പെൺകുട്ടികളിൽ സുരക്ഷിത ബോധത്തോടൊപ്പം സ്വാശ്രയത്വവും ആത്മവിശ്വാസവും വളർത്താനും റോഡ് സുരക്ഷ നിയമങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. വിദ്യാർഥിനികൾക്ക് കൃത്യ സമയത്ത് സ്‌കൂളുകളിൽ എത്തിച്ചേരാനും ആരോഗ്യപരമായ ദിനചര്യകൾ വികസിപ്പിക്കാനും സൈക്കിൾ ഉപയോഗത്തിലൂടെ സാധിക്കും.
താനൂർ ഉണ്യാലിലെ റിഹാബിലിറ്റേഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ വി അബ്ദുറഹ്മാൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. തീരദേശ മേഖലയിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ വികസന പദ്ധതികൾ യാഥാർഥ്യമാകുകയാണെന്നും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ട പദ്ധതികളിൽ ഒട്ടുമിക്കവയും നടപ്പാക്കി കഴിഞ്ഞുവെന്നും എം.എൽ.എ പറഞ്ഞു.
ചടങ്ങിൽ നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് സുഹറ റസാഖ് അധ്യക്ഷയായി. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ റീജിയനൽ മാനേജർ അബ്ദുൾ മജീദ് പോത്തന്നൂരാൻ റിപ്പോർട്ട് അവതരിപ്പിച്ചു.
നിറമരുതൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സിദ്ധീഖ്, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.പി സൈതലവി, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സുബൈദ ഷാലിമാർ, തീരദേശ വികസന കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അപർണ്ണ തമ്പി, പൊന്നാനി ഫിഷറീസ് ഇൻസ്പെക്ടർ കെ.പി.ഒ അംജത്, ഉണ്യാലിലെ ഫിഷറീസ് സബ് ഇൻസ്പെക്ടർ ഷിബുകുമാർ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here