Home CRIME ചരിത്രനാട് ലഹരി സംഘത്തിന്റെ പിടിയിൽ

ചരിത്രനാട് ലഹരി സംഘത്തിന്റെ പിടിയിൽ

0

തിരുന്നാവായ: ഗ്രാമ പഞ്ചായത്തിലെ ചരിത്രങ്ങളുടെ നാടായ എടക്കുളം കേന്ദ്രീകരിച്ച് കഞ്ചാവ്- മദ്യ ലഹരി മാഫിയകൾ പിടിമുറുക്കുന്നു. എടക്കുളത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് ലഹരി മാഫിയ സംഘങ്ങൾ വിലസുന്നത്.
തിരുന്നാവായ റെയിവേ മേൽപ്പാലവും ചീപ്പുംകുണ്ടും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളും കേന്ദ്രീകരിച്ചാണ് കഞ്ചാവും അനധികൃത മദ്യവും മറ്റു ലഹരി പദാർത്ഥങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നതും വിപണനം നടത്തുന്നതും. റെയിൽവേ മേൽപ്പാലത്തിനടിയിലും എടക്കുളം ചീർപ്പുംകുണ്ട് വി സി ബിയുടെ ചുറ്റുവട്ടത്തും റെയിൽവേ സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിലുമാണ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് മാഫിയ സംഘങ്ങൾ താവളമടിച്ചിരിക്കുന്നത്. തോട്ടായി പാലത്തിന്റെ ഭാഗത്ത് കഞ്ചാവും അനധികൃത മദ്യവും യഥേഷ്ടം ലഭിക്കുന്നുണ്ട്.
നേരത്തെ ഐസ് കമ്പനിയുടെ പരിസരത്ത് തമ്പടിച്ചിരുന്ന മാഫിയ സംഘത്തെ നാട്ടുകാർ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ റെയിൽവേ മേൽപ്പാലത്തിനടിയിലേക്ക് താവളം മാറ്റി. കാറ്റ് കൊളളുക എന്ന വ്യാജേന നിരവധി പേർ കായലോര പ്രദേശങ്ങളിലും തമ്പടിക്കുന്നുണ്ട്.
ഇവിടെ വെച്ച് കഞ്ചാവിന്റെ വിപണനവും ഉപയോഗവും തകൃതിയിൽ നടക്കുന്നുണ്ട്. കുന്നുംപുറത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളുകളുടെ കോംപൗണ്ടും കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
എടക്കുളം എ.എം.യു.പി സ്‌കൂളിന്റെ ഗേറ്റ് ചാടി കടന്ന് എത്തുന്ന ലഹരി സംഘത്തിലെ ആളുകൾ സമീപത്തെ ജി.എം.എൽ.പി സ്‌കൂളിന്റെ കെട്ടിടത്തിന് മുകളിൽ അനധികൃതമായി പ്രവേശിക്കുകയും ഇവിടെയിരുന്ന് കഞ്ചാവ് ഉൾപ്പെടെയുളള ലഹരികൾ ഉപയോഗിക്കുകയും ചെയ്യുന്നു. സ്‌കൂളുകൾക്കും സമീപത്തെ വീട്ടുകാർക്കും ശല്യമായി മാറിയിട്ടുണ്ട് ഇത്തരം സംഘങ്ങളുടെ കടന്നു കയറ്റം.
സ്‌കൂളിന്റെ ചുറ്റുവട്ടത്തുളള പല കുട്ടികളും ലഹരി മാഫിയ സംഘത്തിന്റെ കെണിയിൽ അകപ്പെട്ടതായി സൂചനയുണ്ട്. ഇത്തരം കുട്ടികളെ അസമയങ്ങളിൽ സ്‌കൂൾ കോംപൗണ്ടിനകത്ത് സ്ഥിരമായി കാണാറുണ്ട്. ചിലരെ നാട്ടുകാർ ശാസിച്ചു വിട്ടിട്ടുമുണ്ട്.
15നും 16നും മുകളിൽ പ്രായമുളള പ്ലസ് ടു വിദ്യാർത്ഥികളും എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുളള നിരവധി വിദ്യാർത്ഥികളും ഇന്ന് ലഹരി മാഫിയയുടെ പിടിയിലാണ്. പല കുട്ടികളെയും ലഹരി പദാർത്ഥങ്ങളുടെ വിപണനത്തിന് മാഫിയ സംഘങ്ങൾ ഉപയോഗിച്ചു വരുന്നതായും ഇവർക്ക് ധാരാളം പണം ലഭിക്കുന്നതായും സൂചനയുണ്ട്. ചീർപ്പുംകുണ്ട് പ്രദേശത്തും റെയിൽവേ മേൽപ്പാലത്തിനടിയിലും നിരവധി വിദ്യാർത്ഥികൾ എത്തുന്നുണ്ട്. പാലത്തിനടിയിലും മറ്റു ഭാഗങ്ങളിലും ചെറിയ കുഴികൾ ഉണ്ടാക്കി അതിൽ പ്ലാസ്റ്റിക്ക് കവറിലും കുപ്പികളിലുമായി കഞ്ചാവും മറ്റും സൂക്ഷിച്ചു വെക്കുന്നതായും ആവശ്യക്കാർ എത്തുമ്പോൾ കുട്ടികളെ ഉപയോഗിച്ച് ഇവിടെ സാധനങ്ങൾ എടുത്ത് ആവശ്യക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
മേൽപ്പാലത്തിനടയിൽ ചിലർ താമസമാക്കിയിട്ടും അധികൃതർ മൗനം നടിക്കുകയാണ്. ബെഡ് ഷീറ്റ്, തലയണ, പുതുപ്പുകൾ എന്നിവ ഉപയോഗിച്ച് ചിലർ ഇവിടെ കിടന്നു ഉറങ്ങുന്നുണ്ട്. ഇവിടേക്ക് ആതവനാട്, കാട്ടിലങ്ങാടി ഉൾപ്പെടെയുളള പ്രദേശങ്ങളിൽ നിന്ന് നിരവധി പേർ എത്തുന്നതും പതിവാണ്.
ലോക്ക് ഡൗൺ ലംഘിച്ച് മുഖാവരണം പോലുമില്ലാതെ ഇവിടെ കൂട്ടമായി ഇരുന്ന് പുകവലിക്കുന്നത് പതിവ് കാഴ്ചയാണ്. ധാരാളം മത-രാഷ്ട്രീയ സംഘടനകളും സാമൂഹ്യ സാംസ്‌കാരിക സംഘങ്ങളുമുളള എടക്കുളവും പരിസര പ്രദേശങ്ങളും ലഹരി മാഫിയയുടെ കൈകളിൽ അമരുന്നത് ആശങ്കയോടെയാണ് നാട്ടുകാർ നോക്കി കാണുന്നത്.
പോലീസും എക്‌സൈസും സംഭവത്തിൽ ഇടപെട്ട് കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കിയാൽ ലഹരി മാഫിയയെ തുരത്താൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here