Home COVID- 19 കോവിഡ് ഭീതിയിലും തിരൂര്‍ നഗരം ജനതിരക്കില്‍

കോവിഡ് ഭീതിയിലും തിരൂര്‍ നഗരം ജനതിരക്കില്‍

0

തിരൂർ: സമീപ താലൂക്കുകളിലെല്ലാം കോവിഡ് സമ്പർക്ക ഭീതിയിൽ ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുമ്പോൾ തിരൂരിൽ അനിയന്ത്രിതമായ ജനതിരക്കാണ് ഓരോ ദിവസവും അനുഭവപ്പെടുന്നത്. സമൂഹമാകെ ഏറ്റെടുത്ത കൈകഴുകൽ കേന്ദ്രം അപ്രത്യക്ഷമായിരിക്കുന്നു.
നാമമാത്രമായ കടകളുടെ പ്രവേശനകവാടത്തിൽ സാനിറ്റൈസർ സ്ഥാപിച്ചതൊഴികെ യാതൊരുവിധ ജാഗ്രത മുൻകരുതലുകളും നിലവിലില്ല.
വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുവരിൽ ചിലർ മുഖാവരണം പോലും ധരിക്കാത്തത് ഗുരുതരമായ ആരോഗ്യ ജാഗ്രതാലംഘനമാണ്. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ എസ്.ഐ ഉൾപ്പെടെ ഇരുപതോളം പോലീസുകാർ ക്വാറന്റൈനിലാണ്. റിമാൻഡ് പ്രതികളുടെ രോഗത്തിന്റെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല.
ഇവരുമായി സമ്പർക്കം പുലർത്തിയ തുപ്രങ്ങോട്, പുറത്തൂർ പഞ്ചായത്തുകളിലെ നൂറോളം പേർ ക്വാറന്റൈനിലാണ്. ഗൾഫ് മാർക്കറ്റ്, മത്സ്യ പച്ചക്കറി മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്്, താഴെപാലം എന്നിവിടങ്ങളിലൊക്കൊ വലിയരീതിയിലുള്ള ജനതിരക്കാണ് അനുഭവപ്പെടുന്നത്. മത്സ്യമാർക്കറ്റിലെ ആരോഗ്യ ജാഗ്രതാലംഘനം ഗൗരവമേറിയതാണ്.
പൊന്നാനിയിൽ സൂപ്പർ സ്പ്രഡിലേക്ക് എത്തിനിൽക്കുകയാണ്. ട്രിപിൾ ലോക്ഡൗണിന് ശേഷം നൽകിയ ഇളവുകളെല്ലാം എടുത്തുകളഞ്ഞിരിക്കുന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സമ്പർക്കം മൂലം ഇന്നലെ മാത്രം 27 പേർക്കാണ് കോവിഡ് സ്ഥ്രീകരിച്ചത്. രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ ഇന്ന് ഇവിടെ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
താനൂരിലും സ്ഥിതി അതീവ ഗുരുതരമാണ്. ലോറിഡ്രൈവറിലൂടെയുള്ള സമ്പർക്കരോഗികളുടെ എണ്ണം കൂടുന്നു. ആരോഗ്യ ജാഗ്രതാമുന്നറിയിപ്പുമായി മെഡിക്കൽ സംഘം താനൂരിൽ ക്യാമ്പ് ചെയ്തിരുന്നു.
രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് ജില്ലയിൽ സാമൂഹ്യ വ്യാപനത്തിന് ആക്കം കൂട്ടുമൊയെന്നുള്ള ആശങ്കയിലാണ് ജില്ലാ ഭരണകൂടം.

LEAVE A REPLY

Please enter your comment!
Please enter your name here