Home AGRICULTURE എനർജി പാറക്കൽ ക്ഷീര സംഘം: സ്വയം പര്യാപ്തരാവാൻ 100 വനിതകൾ

എനർജി പാറക്കൽ ക്ഷീര സംഘം: സ്വയം പര്യാപ്തരാവാൻ 100 വനിതകൾ

0

കല്‍പകഞ്ചേരി: എനർജി പാറക്കൽ ക്ഷീര സംഘത്തിന്റെ കീഴിൽ പാറക്കൽ ദേശത്തെയും പരിസരണങ്ങളിലെയും 100 വനിതകൾ സ്വയം പര്യപ്തത കൈവരിക്കാനൊരുങ്ങുകയാണ്. ഇവർക്കായി ഈ ക്ഷീര സംഘം ‘ഉപജീവനം ‘എന്ന പേരിൽ സ്വയം തൊഴിൽ സംരംഭം നടപ്പിലാക്കിയിരിക്കുകയാണ്.
താനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് ജില്ലയിൽ തന്നെ ശ്രദ്ധേയമായ ഈ പദ്ധതി നടപ്പിലാക്കുന്നത്. കാർഷിക മേഖലക്ക് പ്രാധാന്യം കൊടുത്തതുകൊണ്ടുള്ള ഈ മാതൃകാ സംരംഭത്തിൽ പശു വളർത്തൽ, ആട് വളർത്തൽ, കോഴി വളർത്തൽ, കാട വളർത്തൽ തുടങ്ങിയവക്ക് പുറമെ വസ്ത്ര നിർമാണ യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. പശു വളർത്തലിൽ 27 പേർക്കും ആട് വളർത്തലിൽ 35 പേർക്കും കാട വളർത്തലിൽ 21 പേർക്കും വസ്ത്ര നിർമാണ യൂണിറ്റിൽ 17 പേർക്കുമാണ് തൊഴിൽ നൽകുന്നത്
85 ശതമാനം സബ്സിഡി നൽകുന്ന ഈ പദ്ധതിയിൽ 100 വനിതകളെ പല യൂണിറ്റുകളാക്കിയാണ് തരം തിരിച്ചിരിക്കുന്നത്. മൂന്ന് പേരടങ്ങുന്ന 7 പശു വളർത്തൽ യൂണിറ്റും 5 പേരടങ്ങുന്ന 7 ആട് വളർത്തൽ യൂണിറ്റും 7 പേരടങ്ങുന്ന മൂന്ന് കാട വളർത്തൽ യൂണിറ്റും 17 പേരടങ്ങുന്ന വസ്ത്ര നിർമാണ യൂണിറ്റുമാണ് ആരംഭിച്ചിട്ടുള്ളത്. താനൂർ ബ്ലോക്ക് പഞ്ചായത്ത് 60 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മുന്തിയ ഇനം കന്നുകാലികളെയാണ് ഇതിനായി കൊണ്ടുവന്നത്.
കോവിഡ് സമയമായതിനാൽ ഓൺലൈനിലൂടെ ഓരോ കർഷകർക്കും കണ്ട് ഇഷ്ടപ്പെട്ട് ഇവയെ വാങ്ങാനുള്ള സൗകര്യവും താനൂർ ബ്ലോക്കിലെ മാതൃകാ ക്ഷീര സംഘമായ എനർജി പാറക്കൽ ക്ഷീര സംഘം ഒരുക്കിയിരുന്നു. പശു വളർത്തൽ ക്ഷീരോൽപാദക യൂണിറ്റായും ആട് വളർത്തൽ പ്രജനന യൂണിറ്റുമായാണ് ഒരുക്കിയിട്ടുള്ളത്. കാട യൂണിറ്റിൽ മുട്ടക്കാടകളെയാണ് വളർത്തുന്നത്. വസ്ത്ര നിർമാണ യൂണിറ്റിൽ ട്രഡീഷണൽ വസ്ത്രത്തോടൊപ്പം മോഡേണ്‍ ട്രെൻഡ് വസ്ത്രണങ്ങളും നിർമിക്കാനുള്ള സംവിധാനങ്ങൾ പൂർണമായും ഒരുക്കിയിരിക്കുന്നു.
കാർഷിക പദ്ധതികൾക്ക് സഹായകമായി കൃഷി വകുപ്പും മൃഗങ്ങളുടെ ഇൻഷൂറൻസും പരിചരണ നിർദേശങ്ങളുമായി മൃഗ സംരക്ഷണ വകുപ്പും പാലിന്റെ ഗുണമേന്മ പരിശോധിക്കുവാനും മറ്റ് സാങ്കേതിക സഹായങ്ങളുമായി ക്ഷീര വികസന വകുപ്പും തൊഴുത്ത് നിർമാണം, കൂട് നിർമാണം തുടങ്ങിയവക്ക് സഹായവും മാർഗ നിർദേശങ്ങളുമായി എൻ.ആർ.ജി.എസ് വിഭാഗവും വസ്ത്ര നിർമാണ യൂണിറ്റിന് സഹായമായി വ്യവസായ വകുപ്പും അംഗങ്ങളുടെ സബ്സിഡി, അക്കൗണ്ട് തുടങ്ങിയ കാര്യങ്ങൾക്കായി വളവന്നൂർ, കന്മനം കോ ഓപ്പറേറ്റീവ് ബാങ്കുകളും നിർദേശങ്ങളുമായി പഞ്ചായത്തും ഈ ക്ഷീരസംഘത്തിന് എല്ലാ പിന്തുണയും സഹായവുമായി മുന്നിലുണ്ട്.
2012 ലാണ് ജില്ലയിലെ മികച്ച ക്ഷീര സംഘങ്ങളിലൊന്നായ എനർജി പാറക്കൽ ക്ഷീര സംഘം ആരംഭിക്കുന്നത്. കുറഞ്ഞ കർഷകരുമായി തുടങ്ങിയ ഈ സംഘത്തിൽ ഇന്ന് 120ന് മുകളിൽ ക്ഷീര കർഷകരുണ്ട്.
പാലിന് മികച്ച വില നൽകുന്നതോടൊപ്പം പാൽ സബ്‌സിഡിയും നൽകുന്നു എന്നതാണ് ഈ സംഘത്തിന്റെ പ്രത്യേകത. ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കർഷകർക്ക് തീറ്റ പകുതി വിലക്കും ഇവർ നൽകുന്നുണ്ട്. പാൽ വിതരണത്തിന് ഇവിടെ വലിയ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
എനർജി ഫ്രഷ് മില്‍ക്ക് എന്ന പേരിൽ പാൽ പായ്ക്ക് ചെയത് വീടുകളിൽ ഇവർ വിതരണം ചെയ്യുന്നുണ്ട്. കൃത്യമായ ആസൂത്രണ മികവോടെ വനിതകൾക്ക് പ്രാധാന്യം നൽകിയാണ് എനർജിയുടെ പ്രവർത്തനം. ഇതുകൊണ്ടാണ് ഈ ക്ഷീരസംഘം മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്നത്.
ഇത്തരത്തിലുള്ള സ്വയം തൊഴിൽ സംരംഭങ്ങൾ എല്ലാ പഞ്ചായത്തിലും നടപ്പിലാക്കുമെന്ന് താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ് പറഞ്ഞു. എനർജി പാറക്കൽ ക്ഷീര സംഘം മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഈ മാതൃക മറ്റു ക്ഷീര സംഘങ്ങൾ പിൻതുടരണമെന്നും പ്രസിഡന്റ് പറഞ്ഞു.
സ്വയം തൊഴിൽ രംഗത്തേക്ക് കടന്ന് വന്ന് വനിതകൾ സ്വയം പര്യപ്തരാവണമെന്ന് ‘ഉപജീവന’ ത്തിന് ചുക്കാൻ പിടിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുണ്ടിൽ ഹാജറ, ബ്ലോക്ക് പഞ്ചായത്തംഗം പി.സി.അഷ്‌റഫ് എന്നിവർ അഭിപ്രായപ്പെട്ടു. എനർജി പാറക്കൽ ക്ഷീര സംഘം പ്രസിഡന്റ് കെ. മുഹമ്മദുണ്ണി, സെക്രട്ടറിമാരായ കെ.പി ഉമ്മു ഹബീബ, എം. റംല എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
100 വനിതകൾക്ക് തൊഴിൽ നൽകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും ഇനിയും ഇത്തരം സംരംഭങ്ങളുമായി എനർജി പാറക്കൽ ക്ഷീര സംഘം മുന്നിട്ടിറങ്ങുമെന്നും ഇവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here